കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്നു മുതൽ രണ്ടാഴ്ച രാത്രി കർഫ്യു
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായതോടെ സംസ്ഥാനത്ത് ഇന്നുമുതൽ രാത്രി ഒൻപതു മുതൽ പുലർച്ചെ അഞ്ചു വരെ കർഫ്യു ഏർപ്പെടുത്തി. രണ്ടാഴ്ചത്തേക്കാണു രാത്രികാല കർഫ്യു. മാസ്കും സാമൂഹ്യ അകലവും ഉറപ്പാക്കാൻ പോലീസ് പരിശോധന കർശനമാക്കും.
വ്യാപാരസ്ഥാപനങ്ങളിൽ നിയന്ത്രണം കടുപ്പിക്കും. കമ്യൂണിറ്റി കിച്ചണ്‍, കോവിഡ് ടെസ്റ്റ്, വാക്സിനേഷൻ തുടങ്ങിയവ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തു നടത്തണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
മറ്റു പ്രധാന തീരുമാനങ്ങൾ
* സാധ്യമായ സ്ഥലങ്ങളിൽ വർക്ക് ഫ്രം ഹോം നടപ്പാക്കും.
* സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല.
* ഓണ്‍ലൈൻ ക്ലാസുകൾക്ക് മാത്രം അനുവാദം.
* കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ പൂട്ടും.
* ക്വാറന്റൈനിൽ കഴിയുന്നവരുടെയും വീട്ടിൽ ചികിത്സയിൽ കഴിയുന്നവരുടെയും നിരീക്ഷണം കർശനമാക്കാൻ വാർഡുതല ആർആർടി (റാപ്പിഡ് റെസ്പോണ്‍സ് ടീം).
* സർക്കാർ പരിപാടികളും കഴിയുന്നത്ര ഓൺലൈനായി മാത്രം.
* സ്പെഷൽ പ്രോട്ടോകോൾ എൻഫോഴ്സ്മെന്റ് ടീം ഇന്നും നാളെയും സംസ്ഥാനത്തുടനീളം കാന്പയിൻ നടത്തും.
* രാത്രികാല കർഫ്യുവിൽ നിന്ന് മെഡിക്കൽ സ്റ്റോർ, ആശുപത്രികൾ, ഫ്യൂവൽ സ്റ്റേഷനുകൾ, നൈറ്റ് ഡ്യൂട്ടി നോക്കുന്ന ജീവനക്കാർ, പാൽ, പത്രം, തുടങ്ങിയവയെ ഒഴിവാക്കി. ചരക്ക് ലോറികളെയും പൊതു ഗതാഗത സംവിധാനത്തെയും കർഫ്യുവിൽ നിന്ന് ഒഴിവാക്കി.
* സിനിമാ തിയറ്ററുകൾ, മാളുകൾ എന്നിവ രാത്രി 7.30 വരെ മാത്രം പ്രവർത്തിക്കാവൂ.
* ആരാധനാലയങ്ങളും നിയന്ത്രണം പാലിച്ചു മാത്രമേ പ്രവർത്താവൂ.
* റസ്റ്ററന്റുകൾ രാത്രി ഒന്‍പതിന് അടയ്ക്കണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here