വളാഞ്ചേരി നഗരത്തിൽ കക്കൂസ് മാലിന്യം നിരത്തിലേക്കൊഴുക്കുന്നു
വളാഞ്ചേരി: നഗരത്തിൽ പെരിന്തൽമണ്ണ റോഡിൽ ഓടയിലേക്ക് കക്കൂസ് മാലിന്യം അടക്കമുള്ള ദ്രവമാലിന്യം ഒഴുക്കുന്നു. പൊലീസ് സ്റ്റേഷൻ റോഡിനോട് ചേർന്നുള്ള ഓടയിലേക്കാണ് മാലിന്യം ഒഴുക്കുന്നത്. ഖരമാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് നിലച്ച ഓടയിൽ നിന്നും മലിനജലം റോഡിലേക്ക് പരന്നൊഴുകി ദുർഗന്ധം സൃഷ്ടിക്കുകയാണ്. തിങ്കളാഴ്ച അർദ്ധരാത്രി മുതലാണ് ദ്രവമാലിന്യം ഓടയിലേക്ക് ഒഴുക്കിയിരിക്കുന്നത്. വളാഞ്ചേരി നഗരത്തിൽ മിക്ക ബഹുനില കെട്ടിടങ്ങളിലെയും ഹോട്ടലുകളിലെയും കൂൾബാറുകളിലെയും മലിനജലം ഒഴുക്കുന്നത് ഓടയിലേക്കാണ്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിലെ കക്കൂസ് മാലിന്യവും ഓടയിലെത്തുന്നു.
ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിനു പകരം ഒത്താശ ചെയ്യാനാണ് നഗരസഭയും ആരോഗ്യവകുപ്പും പലപ്പോഴും ശ്രമിക്കുന്നതെന്ന്ആരോപണമുണ്ട്. കക്കൂസ് മാലിന്യം ഒഴുക്കുന്നതാരെന്ന് അന്വേഷിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഇത്തരത്തിൽ ഒഴുക്കുന്ന മാലിന്യം വൈക്കത്തൂർ പ്രദേശത്തെ കിണറുകൾ അടക്കമുള്ള കുടിവെള്ള സ്രോതസ്സുകളിലേക്ക് എത്തുന്നുണ്ട്. ഓടകൾ നികത്തി ഐറിഷ് മാതൃക നടപ്പാക്കണമെന്ന ആവശ്യം വർഷങ്ങളായി പലരും ഉന്നയിക്കുന്നുണ്ട്. എന്നാൽ അതിനു തയ്യാറാകാതെ നിയമലംഘനത്തിന് കൂട്ടുനിൽക്കുന്ന നിലപാടാണ് നഗരസഭയുടേത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here