കരിപ്പൂർ വിമാനത്താവള പരിസരത്ത് ഗതാഗത പരിഷ്ക്കാരം
കരിപ്പൂർ വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഗതാഗത പരിഷ്ക്കാരം നടപ്പിലാക്കാൻ ജില്ലാ കളക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന കരിപ്പൂർ വിമാനത്താവള വ്യോമ ഗതാഗത സുരക്ഷിതത്വ പാരിസ്ഥിതിക സമിതി യോഗം തീരുമാനിച്ചു. കൊളത്തൂരിൽ നിന്നു എയർപോർട്ടിലേക്കുള്ള റോഡിൽ നിലവിലുള്ള 34 യു ടേണുകളിൽ അനിവാര്യമല്ലാത്തിടത്ത് താത്ക്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കും.
ഇതിനായി റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് അനുവദിക്കും. വിമാനത്താവള പരിസരത്ത് നടപ്പാക്കിയ ഒറ്റവരി പാർക്കിങ് സംവിധാനം വിലയിരുത്തി കുരുക്കൊഴിവാക്കാനുള്ള നടപടി ശക്തമാക്കും. വിമാനത്താവള റോഡിൽ നുഹ്മാൻ ജംങ്ഷൻ വരെ വരുന്ന ബസുകളുടെ സർവീസ് എയർപോർട്ട് വരെ നീട്ടാൻ നടപടി സ്വീകരിക്കും. കെ.എസ്.ആർ.ടിസി സർവീസ് ആരംഭിക്കുന്നതും പരിഗണിക്കും. വിമാനത്താവള റോഡിലെ തെരുവ് വിളക്കുകൾ പ്രവർത്തിക്കുന്നുവെന്നു ഉറപ്പു വരുത്തും. ആവശ്യമെങ്കിൽ വിമാനത്താവള സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സോളാർ സംവിധാനത്തിൽ എൽ.ഇഡി വിളക്കുകൾ സ്ഥാപിക്കും. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാനും നിർദ്ദേശിച്ചു. വിമാനത്താവള പരിസരത്തെ അനധികൃത അറവുശാലകൾക്കെതിരെ നടപടി ശക്തമാക്കാൻ സമീപ പഞ്ചായത്തുകളോടും നഗരസഭയോടും ആവശ്യപ്പെട്ടു. നഗരസഭ പരിധിയിലെ കടകളിൽ നിർദ്ദിഷ്ട അളവിൽ കുറഞ്ഞ ഗുണനിലവാരത്തിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കുന്നില്ല എന്നു ഉറപ്പു വരുത്തും.
ഇതിനായി പ്രത്യേക പരിശോധന നടത്താൻ നഗരസഭയോട് നിർദ്ദേശിച്ചു.മലപ്പുറം കലക്ടറേറ്റിൽ നടന്ന യോഗത്തിൽ എയർപോർട്ട് ഡയറക്ടർ കെ.ശ്രീനാവാസ റാവു, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് എ.വി.കിഷോർ കുമാർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രാജീവ്, കൊണ്ടോട്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പി. അബൂബക്കർ, ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ, എയർ സേ്ര്രഫി ഓഫീസർ എം. ദിനേശ് കുമാർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.രാധാകൃഷ്ണൻ, എയർപോർട്ട് അതോറിറ്റി, കൊണ്ടോട്ടി നഗരസഭ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here