ചെമ്പിക്കലില്‍ തുറന്നുകിടന്ന റെയില്‍വേ ഗേറ്റില്‍ ഒരേസമയം രണ്ട് ട്രെയിന്‍;ഒഴിവായത് വന്‍ ദുരന്തം
കുറ്റിപ്പുറം: സിഗ്നല്‍ തകരാറിലായതിനാല്‍ തുറന്നുകിടന്ന റെയില്‍വേ ഗേറ്റിലൂടെ വാഹനങ്ങള്‍ പാളംമുറിച്ച്
കടന്നുപോകുന്നതിനിടെ ഇരുവശത്തുകൂടെയും എത്തിയത് രണ്ട് ട്രെയിനുകള്‍. സിഗ്നല്‍ കിട്ടാത്തതിനാല്‍ ട്രെയിനുകള്‍ വേഗംകുറച്ചതും ഉച്ചത്തില്‍ ഹോണ്‍മുഴക്കിയതും തുണയായി. പാളത്തിലേക്ക് കടന്ന വാഹനങ്ങള്‍ പിന്നോട്ടെടുത്തും കയറാനിരുന്ന വാഹനങ്ങള്‍ തിടുക്കപ്പെട്ട് നിര്‍ത്തിയും ഡ്രൈവര്‍മാര്‍ കാത്തതിനാല്‍ ചെമ്പിക്കല്‍ ഗേറ്റില്‍ തലനാരിഴക്ക് ഒഴിവായത് വന്‍ ദുരന്തം.
തിരുന്നാവായ-കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടെയിലുള്ള ചെമ്പിക്കല്‍ റെയില്‍വേ ഗേറ്റില്‍ ഞായറാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ജാംനഗര്‍-തിരുനെല്‍വേലി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും കോഴിക്കോട് ഭാഗത്തേക്കുപോയ കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പര്‍ ഡീലക്സ് എക്സ്പ്രസുമാണ് ഇരട്ടവരിപ്പാതയില്‍ എതിര്‍ദിശയില്‍ ഒരേസമയം കുതിച്ചെത്തിയത്.
കുറ്റിപ്പുറം ആതവനാട്-പുത്തനത്താണി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസും കാറുകളും ബൈക്കുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഈ സമയം റെയില്‍വേ ഗേറ്റിലൂടെ പാളംമുറിച്ച് കടന്നുപോകുകയായിരുന്നു. അപകടംമണത്ത ട്രെയിന്‍ ഡ്രൈവര്‍മാര്‍ വേഗംകുറച്ച് ഹോണ്‍ മുഴക്കി. ബസ് പിന്നോട്ടെടുത്തും മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടും അപകടമൊഴിവാക്കി. അസ്വാഭാവികമായ ഹോണ്‍കേട്ട് നിരവധിയാളുകള്‍ ഗേറ്റ് പരിസരത്ത് തടിച്ചുകൂടി.
സിഗ്നല്‍ സംവിധാനത്തിലെ തകരാര്‍ കാരണം ഗേറ്റ് കീപ്പര്‍ക്ക് വിവരം ലഭിക്കാത്തതിനാലാണ് ഗേറ്റ് അടയ്ക്കാത്തതെന്ന് അറിയുന്നു. ഗേറ്റ് അടച്ചില്ലെങ്കില്‍ ട്രെയിനുകള്‍ നൂറ് മീറ്റര്‍ അകലെ സിഗ്നല്‍ ലഭിക്കാതെ നിര്‍ത്തുമെന്നും പിന്നീട് ഗേറ്റ് അടച്ചശേഷമേ മുന്നോട്ട് പോകാറുള്ളൂവെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here