കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിൽ കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യങ്ങളും യാത്രക്കാരെ ദുരിതത്തിലാക്കുന്നു
കുറ്റിപ്പുറം : ടൗൺ ബസ്‌സ്റ്റാൻഡിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപവും കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യങ്ങളും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മഴവെള്ളം കെട്ടിനിൽക്കുന്നിടങ്ങളിൽ മാലിന്യങ്ങൾ നിറഞ്ഞതോടെ പരിസരത്തു ദുർഗന്ധം വമിക്കുകയാണ്. ശുചീകരണം കാര്യക്ഷമമായി നടക്കാത്തതാണ് നിലവിലെ അവസ്ഥയ്ക്കു കാരണം.
ശുചീകരണത്തിന് പഞ്ചായത്തിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും ശുചീകരണം കാര്യക്ഷമമായി നടക്കുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാലിന്യം നീക്കംചെയ്തിട്ടില്ലാത്തതിനാൽ യാത്രക്കാർ പ്രയാസപ്പെടുകയാണ്. ബസ്‌സ്റ്റാൻഡും ടൗണും ശുചീകരിക്കാൻമാത്രം പഞ്ചായത്തിലുള്ളത് നാല് സ്വീപ്പർമാരാണ്. ഇതിൽ ഒരാൾ അവധിയിലാണ്. അതിനു പകരം ദിവസവേതനത്തിന് ഹരിതകർമ സേനയിലെ ഒരു പ്രവർത്തകനെ നിയോഗിച്ചിട്ടുമുണ്ട്. ഇവിടെനിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ തള്ളാൻ പ്രത്യേക ഇടം ഇല്ലായെന്നത് ശുചീകരണത്തൊഴിലാളികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ബസ്‌സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്തുള്ള പഞ്ചായത്ത് കെട്ടിടത്തിന്റെ ഒരു മുറിയിലാണ് ഇവർ ശുചീകരണമാലിന്യങ്ങൾ തള്ളുന്നത്. ഇവിടെനിന്നും പിന്നീട് വാഹനത്തിൽ മാലിന്യങ്ങൾ നീക്കംചെയ്യുന്ന സംവിധാനമാണ് നിലവിലുള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here