HomeNewsReligionകാടാമ്പുഴയിൽ തൃക്കാർത്തിക ആഘോഷിച്ചു

കാടാമ്പുഴയിൽ തൃക്കാർത്തിക ആഘോഷിച്ചു

kadampuzha

കാടാമ്പുഴയിൽ തൃക്കാർത്തിക ആഘോഷിച്ചു

വളാഞ്ചേരി: കാടാമ്പുഴ ഭഗവതിയുടെ പിറന്നാൾ ആഘോഷം തൃക്കാർത്തിക ഉത്സവമായി വെള്ളിയാഴ്ച അഘോഷിച്ചു. വൃശ്ചികത്തിലെ കാർത്തിക നാളിലാണ് കാടാമ്പുഴ ഭഗവതിയെ ശങ്കരാചാര്യർ പ്രതിഷ്ഠിച്ചതെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെ തൃക്കാർത്തികയുത്സവം.
kadampuzha
വെള്ളിയാഴ്ച പുലർെച്ച മൂന്നിന് നടതുറന്നു. ശ്രീലകത്തെ കെടാവിളക്കിൽനിന്ന് പകർന്നുനൽകിയ ദീപം മേൽശാന്തി പുതുമന നാരായണൻ എമ്പ്രാന്തിരി പുറത്തേക്കെടുത്തുനൽകി. തുടർന്ന് ക്ഷേത്രസന്നിധിയിലും കൽവിളക്കുകളിലും നടവഴികളിൽവെച്ച ചെരാതുകളിലും തൃക്കാർത്തികദീപങ്ങൾ തെളിച്ചു. നെയ്ദീപസമർപ്പണമായാണ് ഇത്തവണ കാർത്തികവിളക്കുകൾ തെളിച്ചത്.
മൂന്നരയ്ക്ക് ദർശനത്തിനായി ക്ഷേത്രനട തുറന്നു. രാവിലെ എട്ടിന് തന്ത്രി അണ്ടലാടി ഉണ്ണിനമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പ്രത്യേക തന്ത്രിപൂജ, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, പൂമൂടൽ, ഉച്ചപൂജ, നിറമാല എന്നിവ നടന്നു. വൈകുന്നേരം അയ്യപ്പന് ചുറ്റുവിളക്കിനുശേഷം മാടമ്പിയാർകാവ് കിരാതമൂർത്തീക്ഷേത്രത്തിൽ കാടാമ്പുഴ ക്ഷേത്രംവക പ്രത്യേകമണ്ഡലപൂജ നടന്നു.
kadampuzha-temple
രാവിലെ അഞ്ചിന് ക്ഷേത്രമണ്ഡപത്തിൽ കാടാമ്പുഴ ത്വരിത നാരാണീയസമിതി നാരായണീയ പാരായണം നടത്തി. ഏഴിന് കാടാമ്പുഴ ദേവസ്വം ഗീതാപഠന ശിബിരത്തിലെ വിദ്യാർഥികളുടെ ഗീതാലാപം, മലപ്പുറം നാദശ്രീയുടെ ഭജന എന്നിവ നടന്നു. പ്രത്യേക പന്തലിൽ സമൂഹാർച്ചനയും നടന്നു. കവപ്ര നമ്പൂതിരിയും കൊളത്തൂർ മുരളിയും നേതൃത്വം നൽകി.

പിറന്നാൾ സദ്യയുണ്ടത് ആയിരങ്ങൾ
വളാഞ്ചേരി: ശ്രീലകത്തെ പൂമൂടൽ വഴിപാടിനുശേഷം പ്രധാന നിവേദ്യം ഊട്ടുപുരയിലെത്തിച്ചു. തുടർന്ന് പത്തിന് പിറന്നാൾസദ്യയുടെ ഭാഗമായുള്ള പ്രസാദഊട്ട് തുടങ്ങി. വിഭവസമൃദ്ധമായ സദ്യയുണ്ണാൻ ആയിരങ്ങളാണ് എത്തിയത്.

പതിനഞ്ച് ക്വിന്റൽ അരിയുടെ സദ്യയാണ് വിശ്വാസികൾക്കായി ഒരുക്കിയിരുന്നത്. ട്രസ്റ്റി എം.വി. അച്യുതവാരിയർ, ദേവസ്വം ബോർഡ് അംഗങ്ങളായ ടി.എൻ. ശിവശങ്കരൻ, എ. പ്രദീപൻ, എക്സ്‌ക്യുട്ടീവ് ഓഫീസർ ടി.സി. ബിജു, മാനേജർ കാടാമ്പുഴ അപ്പുവാരിയർ എന്നിവർ ചേർന്ന് പ്രസാദഊട്ട് ഉദ്ഘാടനംചെയ്തു. തൃക്കാർത്തികനാളിൽ ക്ഷേത്രത്തിലെ പൂമൂടൽ, ദിവസപൂജ തുടങ്ങി എല്ലാ വഴിപാടുകളും ദേവസ്വംവകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!