വട്ടപ്പാറ വളവിൽ വീണ്ടും ചരക്ക്‌ലോറി അപകടം
വളാഞ്ചേരി ∙ വട്ടപ്പാറ വളവിൽ വീണ്ടും ചരക്ക്‌ലോറി അപകടം. കോഴിക്കോട്ട് നിന്നു കൊച്ചി ഭാഗത്തേക്കു ടാർ നിറച്ച വീപ്പകളുമായി പോയ കണ്ടെയ്നർ ലോറിയാണ് പ്രധാന വളവിനു സമീപം പാതയോരത്തു മറിഞ്ഞത്. ടാർ വീപ്പകളിൽ പലതും അപകടത്തിൽ പൊട്ടി. പാതയോരത്ത് ടാർ ഒഴുകി. ലോറി ഡ്രൈവറും സഹഡ്രൈവറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെളുപ്പിനു നാലിനാണ് അപകടം. വട്ടപ്പാറ മേൽഭാഗത്തുനിന്നു നിയന്ത്രണംവിട്ടു വന്ന ലോറി മുഖ്യവളവ് കഴിഞ്ഞ ശേഷമാണ് നിരത്തുവക്കിൽ മറിഞ്ഞത്. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ലോറി പിന്നീട് ക്രെയിൻ കൊണ്ടുവന്ന് ഉയർത്തി. ദേശീയപാത വട്ടപ്പാറ മേൽഭാഗത്ത് കഴിഞ്ഞ ആറിനു വൈകിട്ട് കണ്ടെയ്നർ ലോറി ഓട്ടോറിക്ഷയ്ക്കു മേൽ മറിഞ്ഞ് അപകടമുണ്ടായിരുന്നു. അന്നത്തെ അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും രണ്ടു സ്ത്രീകളും മരിച്ചിരുന്നു. കണ്ടെയ്നർ ലോറികളും കാപ്സ്യൂൾ ടാങ്കറുകളും വട്ടപ്പാറ വഴി ഓടിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് സംഘടനകളും ജനകീയ സമരസമിതിയും സമരം നടത്തുന്നതിനിടെയാണ് വീണ്ടും ലോറി മറിഞ്ഞത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here