ക്യാൻസറിനും തോൽപ്പിക്കാനാവാത്ത നിശ്ചയദാർഢ്യവുമായി സച്ചിനും ഭവ്യയും ഒന്നിച്ചു
നിലമ്പൂർ: അർബുദത്തിന‌് ജീവിതം വിട്ടുകൊടുക്കാൻ ഭവ്യയും പ്രണയം ഉപേക്ഷിക്കാൻ സച്ചിനും തയ്യാറായില്ല. നിലമ്പൂർ നടുവിലക്കളം ക്ഷേത്രത്തിലായിരുന്നു ലളിതമായ ചടങ്ങുകളോടെ ഇരുവരും വിവാഹ ജീവിതത്തിലേക്ക‌് കടക്കുമ്പോൾ സമൂഹത്തിന‌് പഠിക്കാനേറെയുണ്ട‌്.
ഒരു വർഷം മുമ്പ‌് നിലമ്പൂരിലെ അക്കൗണ്ടിങ് സ്ഥാപനത്തിലെ പഠനത്തിനിടെയാണ‌് ഇരുവരും അടുത്തത‌്. സൗഹൃദം പ്രണയത്തിലേക്ക് വളർന്നു. വിവാഹസ്വപ്നങ്ങൾ പങ്കുവച്ചു തുടങ്ങിയ കാലത്താണ് ഭവ്യയെ പുറംവേദന പിടികൂടിയത‌്.
വിദഗ്ധ പരിശോധനയിൽ എല്ലിൽ പടർന്നുപിടിക്കുന്ന ക്യാൻസറാണ് വേദനക്ക‌് കാരണമെന്ന‌് തിരിച്ചറിഞ്ഞു. രോഗത്തിന‌് പ്രണയിനിയെ വിട്ടുകൊടുക്കാൻ സച്ചിൻ തയ്യാറായില്ല. എറണാകുളം വൈറ്റിലയിലെ വെൽകെയർ ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. വി പി ഗംഗാധരനു കീഴിൽ ചികിത്സ തുടങ്ങി.
എന്നാൽ, ചികിത്സാചെലവ‌് താങ്ങാവുന്നതിലുമേറെയായിരുന്നു. മാസത്തിൽ രണ്ടുതവണ ആശുപത്രിയിലെത്തണം. ഓരോ യാത്രയിലും ചികിത്സക്ക‌് 30,000 രൂപയിലേറെ ചെലവുവരും. കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനമായിരുന്നു ഭവ്യയുടെ കുടുംബത്തിന്റെ ഏക ആശ്രയം. ചികിൽസയ്ക്കും ചെലവിനും അതുപോരാതെ വന്നതോടെ സച്ചിനും കൂലിപ്പണിക്കിറങ്ങി. മാർബിൾ പണിയെടുത്ത‌് ചികിൽസയ്ക്ക് ആവശ്യമായ പണം കണ്ടെത്തി.
പോത്ത്കല്ല് പൂളപ്പാടം രാധാകൃഷ്ണൻ, ഭാനുമതി ദമ്പതികളുടെ മകനാണ് സച്ചിൻ. കരുളായി ഗിരീഷ്, മഞ്ജു ദമ്പതികളുടെ മകളാണ് ഭവ്യ. ക്യാൻസർ നെ തോല്പിച്ച പ്രണയ ദമ്പതികൾക്കു വിവാഹ ആശംസകൾ നേർന്നു കൊണ്ട് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങൾ എത്തി.
ഈ മാസം 12ന് എട്ടാമത്തെ കീമോചെയ്യാൻ എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുമ്പോൾ ഭവ്യ സച്ചിന്റെ ജീവിതസഖിയാണ്. അവന‌് അറിയില്ല എങ്ങനെ ഭവ്യയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുമെന്ന്. ചികിത്സ തുടരാനും വലിയ തുക ആവശ്യമാണ്.
ചികിത്സാചെലവിന‌് സുമനസ്സുകളുടെ സഹായംതേടുകയാണിവർ. കേരള ഗ്രാമീണ്‍ ബാങ്ക് കരുളായി ശാഖയിൽ പി ഭവ്യയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ:
BHAVYA P
Ac No : 40160101056769
IFSC : KLGB0040160
KERALA GRAMIN BANK,
KARULAI BRANCH
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here