തവനൂർ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ മഹോത്സവം ജനുവരി 4 മുതൽ 8 വരെ
കുറ്റിപ്പുറം : തവനൂർ ഗ്രാമപ്പഞ്ചായത്ത് ‘ട്വിങ്കിൾ ദി എജ്യു ബിനാലെ’ എന്നപേരിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവം ജനുവരി നാലുമുതൽ എട്ടുവരെ പാപ്പിനിക്കാവ് മൈതാനം, കേളപ്പൻ മെമ്മോറിയൽ സ്‌കൂൾ മൈതാനം എന്നിവിടങ്ങളിലായി നടക്കും. നാലിന് വൈകുന്നേരം അഞ്ചിന് സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി എജ്യു ഫെസ്റ്റ് ഉദ്ഘാടനംചെയ്യും. ശില്പശാലകളിലും പരിശീലനങ്ങളിലും പ്രദർശനങ്ങളിലും വിദ്യാഭ്യാസ, കലാ സാംസ്‌കാരിക പ്രകടനങ്ങളിലുമായി പഞ്ചായത്തിലെ നാലായിരത്തിലധികം വരുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തമുണ്ടാകും.
പ്രദർശന, പരിശീലന പരിപാടികളുടെ അനുബന്ധമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കലാ കായിക മത്സരങ്ങളും നടക്കും. പഞ്ചായത്തിലെ പത്ത് വിദ്യാലയങ്ങളുടെയും അക്കാദമിക് മികവുകളുടെ അവതരണം, കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കലാപരിപാടികൾ, ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങൾ, പ്രൈമറി കുട്ടികളുടെ കലാമേള, രക്ഷിതാക്കൾക്കും കുട്ടികൾക്കും ഫിലിം ഫെസ്റ്റിവൽ, കളരിപ്പയറ്റ് അവതരണം, എൺപതുകൾക്ക് മുൻപുള്ള കേരളത്തിന്റെ ദൃശ്യാവിഷ്‌കാരം എന്നിവയാണ് മേളയിലെ പ്രധാന പരിപാടികൾ.
സമാപനസമ്മേളനം മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. പരിപാടിയുടെ പ്രചാരണാർഥം വെള്ളിയാഴ്‌ച വൈകുന്നേരം 3.30-ന് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിൽനിന്നും ക്രിസ്‌മസ് പാപ്പയുടെ വേഷം ധരിച്ചെത്തുന്ന കുട്ടികൾ തവനൂർ ഇല്ലത്തെപടിയിൽനിന്ന് വിളംബരജാഥയായി പാപ്പിനിക്കാവ് മൈതാനത്ത് സംഗമിക്കും. എം.എൽ.എ. ഡോ. കെ.ടി. ജലീൽ പാപ്പമാരെ സ്വീകരിക്കും. തവനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, ടി.വി. ശിവദാസ്, ലിഷാ മോഹൻ, എസ്. ബിന്ദു, കെ. ഉണ്ണികൃഷ്ണൻ, ഗോപു പട്ടിത്തറ, റോബിൽ ആന്റണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here