“ഞാൻ അജ്ഞാതനല്ല, അപരനല്ല ജീവനുള്ള കോൺഗ്രസുകാരൻ”; കുറ്റിപ്പുറത്ത് വീണ്ടും ‘ട്വിസ്റ്റ്’!, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണെന്ന അവകാശവാദവുമായി വാർത്താക്കുറിപ്പ്
കുറ്റിപ്പുറം : യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച മുഹമ്മദ് റാഷിദ് താനാണെന്ന അവകാശവാദവുമായി കുറിപ്പ്. യഥാർത്ഥ റാഷിദിനെ കണ്ടെത്താൻ കഴിയാതെ എല്ലാവരും കുഴങ്ങുന്നതിനിടെയാണ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചത്. രാങ്ങാട്ടൂർ സ്വദേശിയായ ഒരു മുഹമ്മദ് റാഷിദിന്റെ വോട്ടർ തിരിച്ചറിയൽകാർഡും ഫോട്ടോയും സഹിതമാണ് കുറിപ്പ് അയച്ചിരിക്കുന്നത്.
‘ഞാൻ അജ്ഞാതനല്ല അപരനല്ല ജീവനുള്ള കോൺഗ്രസുകാരൻ’ എന്ന തലക്കെട്ടോടുകൂടിയാണ് വാർത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ കുറ്റിപ്പുറത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
കുറിപ്പ് ഇപ്രകാരമാണ്:
ഞാൻ അജ്ഞാതനല്ല അപരനല്ല ജീവനുള്ള കോൺഗ്രസുകാരൻ: കെ.കെ മുഹമ്മദ് റാഷിദ്,യുത്ത് കോൺഗ്രെസ്സ് കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ്.
കുറ്റിപ്പുറം: യൂത്ത് കോൺഗ്രെസ്സ് സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഞാൻ കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ കൊടുത്തിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവവായുവായ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന ഞാൻ കഴിഞ്ഞ കാലങ്ങളിലെ യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപെടത്തിയിട്ടുള്ളതും വർഷങ്ങളായി ഈ പ്രസ്ഥാനത്തിൽ അംഗവുമാണ്. എന്നാൽ ജോലിയാവശ്യാർത്ഥം നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നതിനാൽ പാർട്ടിയുടെ ദൈന്യംദിന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
ഇപ്രാവശ്യം യൂത്ത് കോൺഗ്രസ്സിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ നിന്നും സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എനിക്കും ഈ തെരെഞ്ഞെടുപ്പിന്റെ ഭാഗമാവാൻ കഴിയുമെന്ന് മനസിലാക്കുകയും പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയർന്നുവരണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ഓൺലൈൻ ആയി നടക്കുന്ന തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാനും നോമിനേഷൻ സമർപ്പിച്ചിരുന്നു. പക്ഷേ, എന്റെ വ്യക്തിപരമായ ചില ബുദ്ധിമുട്ടുകൾ കാരണം തെരെഞ്ഞെടുപ്പിന് വേണ്ടി വലിയരീതിയിൽ പ്രചരണം നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മറുപക്ഷത്തുള്ളവരെക്കാൾ അംഗീകരിക്കാൻ തയ്യാറായ പ്രവർത്തകരുടെ വോട്ടുകൾ കൊണ്ട് ഞാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന അവിചാരിത വാർത്ത വളരെ വൈകി ദൃശ്യമാധ്യമങ്ങളിലൂടെയാണ് എന്റെ ശ്രദ്ധയിൽപ്പെടുന്നത്. എന്നെ കാണ്മാനില്ല, ഞാൻ അപരനാണ്, ഇങ്ങനെ ഒരാളില്ല എന്ന രീതിയിലുള്ള തികച്ചും ദുരുദ്ദേശ്യപരമായ വാർത്തകൾ സൃഷ്ടിച്ചുകൊണ്ട് ഒരുവിഭാഗം പാർട്ടിയെ തന്നെ അപകീർത്തിപ്പെടുത്താൻ നോക്കുന്നത് ശരിയല്ല. ഏതൊരു സാധാരണ പ്രവർത്തകനും അർഹിക്കുന്ന ഇടം നൽകാൻ കോൺഗ്രസ്സ് പ്രസ്ഥാനത്തിനാകുമെന്ന് എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് അപ്രതീക്ഷിത ജയത്തിൽ അമ്പരന്ന് രാജിവയ്ക്കാം എന്ന് കരുതിയ ഞാൻ മണ്ഡലം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകുന്നത്.
നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പാർട്ടിയെ തന്നെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയും നിലപാട് പറയേണ്ട കാലമാണിതെന്ന് ഞാൻ തിരിച്ചറിയുന്നു. ജനങ്ങളും ജനപക്ഷവും ജനാധിപത്യവും ഭരണകൂട ഭീകരതയുടെ കാശപ്പുശാലകളിലേക്ക് അനുദിനം നയിക്കപ്പെടുന്ന ഈ കെട്ടകാലത്ത് യൂത്ത് കോൺഗ്രസ്സ് കൂടുതൽ തെളിവായി സമരസജ്ജമാവേണ്ടൊരു അനിവാര്യത കൂടിയുണ്ട്. അതുകൊണ്ട് എന്നിൽ വിശ്വാസമർപ്പിച്ച പ്രസ്ഥാനത്തിന്റെ മണ്ഡലം പ്രസിഡന്റ് സ്ഥാനം ഞാൻ ഏറ്റെടുക്കുന്നു. എന്റെ അറിവിന്റെയും കഴിവിന്റെയും പരിമിതികൾ മനസ്സിലാക്കി കൊണ്ട് തന്നെ പ്രസ്ഥാനത്തോടും പ്രവർത്തകരോടും നീതി പുലർത്താൻ കഴിയുമെന്നും സത്യസന്ധമായിരിക്കുമെന്നും ഞാൻ ഉറപ്പ് നൽകുന്നു. അധികാരത്തിനും സ്ഥാനത്തിനും വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കാത്ത ഒരു പുതുതലമുറയെ കൂടി കുറ്റിപ്പുറം മണ്ഡലത്തിൽ ഉയർത്തി കൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു.
എന്ന്.
കെ.കെ . മുഹമ്മദ് റാഷിദ്
യൂത്ത് കോൺഗ്രെസ്സ് മണ്ഡലം പ്രസിഡന്റ്, കുറ്റിപ്പുറം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here