10 കിലോ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ടുപേർ അറസ്റ്റിൽ
പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടു വന്ന പത്തുകിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി മേലെപീടിയേക്കൽ സഫീർ(കൊച്ചു- 31), ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് ആലിയകുളം സ്വദേശി തോപ്പയിൽ അക്ബർ റാഫി (റാനി- 24) എന്നിവരാണ് പെരിന്തൽമണ്ണ പാണമ്പിയിൽ വച്ച് അറസ്റ്റിലായത്.
അന്യ സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറിയും മറ്റും കൊണ്ടുവരുന്ന ചരക്കുലോറികളിൽ രഹസ്യമായി കേരളത്തിലേക്ക് കടത്തുന്ന കഞ്ചാവ് മണ്ണാർക്കാട്, കോട്ടോപ്പാടം ഭാഗങ്ങൾ കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ മുഖേന രഹസ്യ കേന്ദ്രങ്ങളിൽ സംഭരിച്ചു കാറുകളിൽ വിലപറഞ്ഞുറപ്പിച്ച ശേഷം ആവശ്യക്കാർക്കെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ. രഹസ്യവിവരത്തെ തുടർന്ന് സംഘത്തിലെ കണ്ണികളായ കോട്ടോപ്പാടം, ആലിപ്പറമ്പ്, കാമ്പ്രം സ്വദേശികളെ നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്.
പ്രതിസഫീർ മണ്ണാർക്കാട് കുന്തിപ്പുഴ വരോടൻ ഷഫീർ എന്നയാളെ സംഘം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഒമ്പതാം പ്രതിയാണ്. രണ്ടാം പ്രതി അക്ബർ റാഫി മോഷണക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. പെരിന്തൽമണ്ണ ഡിവൈഎസ്പി പി.പി. ഷംസിന്റെ നേതൃത്വത്തിൽ സി.ഐ. സി.കെ. നാസർ, ജില്ലാ ആന്റി നാർകോട്ടിക് സ്‌ക്വാഡിലെ സി.പി. മുരളി, ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ് കുമാർ, പ്രഫുൽ, ഷാലു, സജീർ, മിഥുൻ, ഫൈസൽ, ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here