പൊലീസ് പിടികൂടിയ പ്രതികൾക്ക് കോവിഡ്, തിരൂരിൽ ആശങ്ക
തിരൂർ: പൊലീസ് പിടികൂടിയ രണ്ട് പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരൂർ ആശങ്കയിൽ. തൃപ്രങ്ങോട് ആനപ്പടിയിൽനിന്ന് അനധികൃത മണൽകടത്തിനിടെ പിടികൂടിയ ചെറിയ പറപ്പൂർ സ്വദേശിക്കും തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മംഗലം കാവഞ്ചേരി സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മണൽകടത്ത് കേസിലെ പ്രതിയെ 28നും കാവഞ്ചേരി സ്വദേശിയെ 29നുമാണ് അറസ്റ്റുചെയ്തത്. 29ന് ഇരുവരെയും ഓൺലൈൻവഴി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് കോവിഡ് പരിശോധന നടത്തുന്നതിന് ഇവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ഒരു പ്രതിക്ക് ജൂലൈ ഒന്നിനും മറ്റൊരാൾക്ക് മൂന്നിനും ജാമ്യം ലഭിച്ചു. ആശുപത്രി നിരീക്ഷണത്തിൽനിന്ന് പുറത്തിറങ്ങിയ ഇവരുടെ പരിശോധനാ ഫലം തിങ്കളാഴ്ചയാണ് ലഭിച്ചത്. ജാമ്യത്തിലിറങ്ങിയ ഇരുവരും നിരീക്ഷണത്തിലിരിക്കാതെ ഒരാൾ തിരൂരിലെത്തി വക്കീലിനെ കണ്ടതായും മറ്റൊരാൾ ബന്ധുവീടുകളിൽ പോയതായും വിവരങ്ങളുണ്ട്. കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവർത്തകർ ഇരുവരെയും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ തിരൂർ എസ്ഐ ജലീൽ കറുത്തേടത്ത് അടക്കം 18 പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇവരെ കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കി. തിരൂർ പൊലീസ് സ്റ്റേഷനും പ്രതികളെ വൈദ്യപരിശോധനയ്‌ക്ക് എത്തിച്ച തിരൂർ ജില്ലാ ആശുപത്രിയും അണുവിമുക്തമാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here