തവനൂര്‍ മഹിളാമന്ദിരത്തില്‍ രണ്ട് യുവതികള്‍ക്കുകൂടി മംഗല്യഭാഗ്യം
കുറ്റിപ്പുറം: സര്‍ക്കാരിന്റെ സ്‌നേഹത്തണലില്‍ കഴിയുന്ന രണ്ടുപേര്‍കൂടി മംഗല്യഭാഗ്യവുമായി കുടുംബജീവിതത്തിലേക്ക്. സാമൂഹികനീതി വകുപ്പിനുകീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരത്തിലെ യുവതികളായ സുഗന്ധി (19)യും കല്യാണി (23)യുമാണ് മംഗല്യവതികളാകുന്നത്.
വണ്ടൂര്‍ എളങ്കൂര്‍ സ്വദേശി പ്രബേഷ്, സുഗന്ധിയുടെയും എടപ്പാള്‍ വട്ടംകുളം സ്വദേശി മനോജ്, കല്യാണിയുടെയും കഴുത്തില്‍ അടുത്തമാസം മൂന്നിന് താലിചാര്‍ത്തും. വൃദ്ധസദനത്തിന്റെ തിരുമുറ്റത്താണ് ഇരുകൂട്ടര്‍ക്കും കതിര്‍മണ്ഡപമൊരുക്കുക.
2013-ലാണ് സുഗന്ധിയും കല്യാണിയും മഹിളാമന്ദിരത്തിലെത്തുന്നത്. ഇതിന് മുന്‍പ് അഞ്ചുപേര്‍ ഇവിടെനിന്ന് വിവാഹിതരായി പടിയിറങ്ങിയിട്ടുണ്ട്. മഹിളാമന്ദിരം മഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴും രണ്ടുപേരെ വിവാഹംചെയ്തയച്ചിട്ടുണ്ട്.
നേരത്തേ നടന്ന വിവാഹങ്ങള്‍പോലെ ഇതും മന്ത്രി കെ.ടി. ജലീല്‍ മുന്‍കൈയെടുത്താണ് നടത്തുന്നത്. അദ്ദേഹം മന്ത്രിയായശേഷം മഹിളാമന്ദിരത്തില്‍ നടക്കുന്ന ആദ്യ വിവാഹമാണിത്. രണ്ടുപേര്‍ക്കും അഞ്ചുപവന്‍ വീതം സ്വര്‍ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും സംഘടിപ്പിച്ച് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനും പ്രതിശ്രുത വധുക്കളെ ആശീര്‍വദിക്കാനുമായി മന്ത്രി കെ.ടി. ജലീല്‍ മഹിളാമന്ദിരത്തിലെത്തി. സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമൂഹികനീതി വകുപ്പിലെ ജീവനക്കാരുടെയും സഹായത്തോടെയാണ് വിവാഹം നടത്തുന്നത്. വിവാഹദിവസം വിഭവസമൃദ്ധമായ സദ്യ നല്‍കാനും പദ്ധതിയിട്ടിട്ടുണ്ട്. സാമൂഹികനീതിവകുപ്പ് ഒരുലക്ഷംരൂപ വിവാഹസഹായധനം നല്‍കുന്നുണ്ടെങ്കിലും അതില്‍നിന്ന് യാതൊരു വിവാഹച്ചെലവും നടത്തേണ്ടതില്ലെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ആവശ്യമായ തുക ഉദാരമതികളില്‍നിന്ന് സംഭാവനയായി സ്വരൂപിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ നല്‍കുന്ന തുക വധുക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മഹിളാമന്ദിരം സൂപ്രണ്ട് സൈനബ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here