വളാഞ്ചേരിയിലെ റസ്റ്റോറെൻ്റിൽ മോഷണം; രണ്ട് പേർ അറസ്റ്റിൽ
വളാഞ്ചേരിയിലെ നഹ്ദി കുഴി മന്തി ഹോട്ടലിൽ നിന്നും 10 ലക്ഷത്തോളം രൂപ കളവ് ചെയ്ത മുൻ ജീവനക്കാരനെയും ബന്ധുവായ സഹായിയെയുമാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. ബന്ധുക്കളും സുഹൃത്തുക്കളുമായ മഞ്ചേരി കടമ്പോട് ഓളിക്കൽ വീട്ടിൽ ഷറഫുദ്ദീൻ 22 വയസ്സ്, മുഹമ്മദ് ഷമീൻ 24 വയസ്സ് എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മൂന്നര വർഷമായി റസ്സ്റ്റോറൻ്റിലെ കിച്ചൺ മാനേജറായിരുന്നു ഒന്നാം പ്രതിയായ ഷറഫുദ്ദീൻ. ഇയാളെ പെരുമാറ്റ ദൂഷ്യത്തിന് സംഭവത്തിന് 10 ദിവസം മുൻപ് സ്ഥാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. സ്ഥാപനത്തിൻ്റെ താക്കോലും മറ്റും സൂക്ഷിക്കാറുള്ള സ്ഥലം അറിയാവുന്ന പ്രതി വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ സ്ഥാപനത്തിൻ്റെ അകത്ത് കയറി ക്യാഷ് കണ്ടറിൻ്റെ പൂട്ട് പൊളിച്ച് മേശയിലുണ്ടായിരുന്ന പത്ത് ലക്ഷത്തോളം രൂപ കളവ് ചെയ്യുകയായിരുന്നു. കളവ് ചെയ്ത പണവുമായി രണ്ടാം പ്രതിയുടെ സഹായത്തോടെ പ്രതി ഊട്ടിയിലേക്ക് കടക്കുകയായിരുന്നു.കളവ് നടത്തുന്നതിന് മുൻപ് ഹോട്ടലിലുണ്ടായിരുന്ന സി.സി.ടി.വി ക്യാമറകളുടെ ബന്ധം വിച്ഛേദിക്കുവാൻ പ്രതി ശ്രമിച്ചെങ്കിലും പൂർണ്ണമായും വിജയിക്കാനാവാത്തത് പ്രതിക്ക് വിനയാകുകയായിരുന്നു.പ്രതിയുടെ ശരീരചലനങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞത് സൂക്ഷ്മമായി നിരീക്ഷിച്ചതിൽ അകത്തു കടന്നത് മുൻ ജീവനക്കാരനാണെന്ന് മനസ്സിലാകുകയും തുടർന്ന് അന്വേഷിച്ചതിൽ പ്രതി സ്ഥലത്തില്ല എന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പ്രതി പോകാനിടയുള്ള സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും പറ്റി വ്യാപകമായി പോലീസ് അന്വേഷിച്ചതിൽ പ്രതി ഊട്ടിയിലുണ്ടെന്ന് സൂചന കിട്ടിയതിൽ ഉടൻ തന്നെ പോലീസ് അവിടേക്കെത്തുകയും അവിടത്തെ ലോഡ്ജുകൾ വ്യാപകമായി പരിശോധിച്ച് പ്രതികളെ പിടികൂടുകയുമായിരുന്നു.
പ്രതികളുടെ കൈവശത്തിൽ നിന്നും മോഷ്ടിച്ച പണവും കണ്ടെത്തുകയും ചെയ്തു.വളാഞ്ചേരി പോലീസിൻ്റെ വളരെ വേഗത്തിലുള്ള സമർത്ഥമായഅന്വേഷണം കൊണ്ടാണ് മോഷണമുതൽ ഒട്ടും നഷ്ടപ്പെടാതെ പിടിച്ചെടുക്കുവാൻ കഴിഞ്ഞതെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ പി.എം ഷമീർ പറഞ്ഞു.പ്രതികൾ മോഷണത്തിന് ഉപയോഗിച്ച് രക്ഷപ്പെട്ട ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് മുൻപ് ചെക്ക് പോസ്റ്റിൽ പോലീസിനെ വെട്ടിച്ചാണ് പ്രതികൾ കടന്നതെന്നും പോലീസ് പറഞ്ഞു.രണ്ടാം പ്രതി ഷമീൻ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് വാങ്ങി നാട്ടിലെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലാത്തയാളുമാണെ ന്നും പാണ്ടിക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി കേസിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസ്ൻ്റെയും തിരൂർ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിൻ്റെയും മേൽനോട്ടത്തിൽ വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഒഫീസർ പി.എം ഷമീറിൻ്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ് ഐ കെ പി ആനന്ദ്, അഡീഷണൽ എസ് ഐ മുഹമ്മദ് റാഫി, എ എസ് ഐ രാജൻ, സി പി ഒ മാരായ കൃഷ്ണപ്രസാദ്, രാധാകൃഷ്ണൻ, എസ് സി പി ഒ ശ്രീജ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ തിരൂർ കോടതിയിൽ ഹാജറാക്കി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here