ഹൈവേ കേന്ദ്രീകരിച്ച് മോഷണം തൊഴിലാക്കിയ രണ്ട് പേർ വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: ഹൈവേ കേന്ദ്രികരിച്ച് മോഷണം തൊഴിലാക്കിയ രണ്ടു പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി സൈതലവി എന്ന മുല്ലമൊട്ട് സൈതലവി, കല്പകഞ്ചേരി സ്വദേശി മുനീർ എന്നിവരാണ് പിടിയിലായത്. രാത്രികാലങ്ങളിൽ ദേശീയപാതയിൽ കൂടി കടന്നു പോകുന്ന വാഹങ്ങളിൽ കയറിക്കൂടി മോഷണം നടത്തുകയാണിവരുടെ പരിപാടി. വഴിയാത്രക്കാരായി അഭിനയിച്ച് കൈ കാണിച്ച് നിർത്തി ലിഫ്റ്റ് ചോദിച്ചാണ് ഇവർ വാഹനങ്ങളിൽ കയറിപ്പറ്റുന്നത്.
എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ലോഡുമായി പോവുകയായിരുന്ന അഭിലാഷ് എന്ന ലോറി ഡ്രൈവറെ ഇരുവരും ചേർന്ന് കൊള്ളയടിക്കുകയായിരുന്നു. കുറ്റിപ്പുറത്ത് വച്ച് അഭിലാഷിന്റെ ലോറിയെ കൈകാണിച്ച് നിർത്തിച്ച് ലിഫ്റ്റ് ചോദിച്ച് വണ്ടിയിൽ കയറിക്കൂടിയ ഇരുവരും വളാഞ്ചേരിയിൽ എത്തിയപ്പോൾ ഡ്രൈവറുടെ മൊബൈൽ ഫോൺ പിടിച്ചു പറിച്ച് ഓടി മറയുകയായിരുന്നു.
ലോറി ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൈതലവിയും മുനീറും പിടിയിലാവുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണിരുവരുമെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയാണ് ഇവർ ജയിലിൽ നിന്നിറങ്ങിയത്.
പ്രതികൾ മോഷ്ടിച്ച മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here