പോലീസ് ചമഞ്ഞ് യുവാവിനെ കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ
കുറ്റിപ്പുറം : പോലീസുകാരെന്നു പറഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവിനെ തടഞ്ഞ് മൊബൈൽഫോണുകളും എ.ടി.എം. കാർഡും പണവും മറ്റും കവർന്ന നാലംഗസംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിലായി. പൊന്നാനി വെളിയംകോട് സ്വദേശി ഷമീർ എന്ന ബെല്ലാരി ഷമീർ (32), ആലപ്പുഴ വണ്ടാനം സ്വദേശി സഫീർ (31) എന്നിവരെയാണ് കുറ്റിപ്പുറം ഇൻസ്പെക്ടർ പി.കെ. പത്മരാജിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ സൗത്ത് ബീച്ചിൽനിന്ന് പിടികൂടിയത്. സംഘത്തിലുള്ള തൃശ്ശൂർ മെഡിക്കൽകോളേജ് സ്വദേശിയായ സായൂജിനെ പിടികൂടാനുണ്ട്. തൃശ്ശൂർ പേരാമംഗലത്തുണ്ടായിരുന്ന ഇയാൾ അന്വേഷണസംഘം എത്തുമ്പോഴേക്കും രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന തൃശ്ശൂർ വടക്കേക്കാട് പുന്നയൂർ പൊന്തയിൽ സുബിനി (33) നെ രണ്ടാഴ്ച മുൻപ് അറസ്റ്റുചെയ്തിരുന്നു.
ഒക്ടോബർ രണ്ടിന് പുലർച്ചെ ഒരു മണിയോടെ വയനാട്ടിൽ വിനോദയാത്രപോയി മടങ്ങി ബൈക്കിൽ സുഹൃത്തിനെ കുറ്റിപ്പുറത്താക്കി തിരിച്ചുപോവുകയായിരുന്ന തിരൂർ പുല്ലുണി സ്വദേശി അരുൺജിത്തിനെയാണ് തിരൂർ റോഡിലെ റെയിൽവേ മേൽപ്പാലത്തിനുകീഴെ വെച്ച് നാലംഘസംഘം പിടികൂടിയത്. ബൈക്കിലും സ്കൂട്ടറിലും വന്ന സംഘം തങ്ങൾ പോലീസുകാരാണെന്നു പറഞ്ഞ് അരുൺജിത്തിനെ തടഞ്ഞു. തുടർന്ന് അവിടെനിന്നും ബൈക്കിൽ വൺവേ റോഡിലെ ആളൊഴിഞ്ഞ പഴയ കെ.എസ്.ഇ.ബി. കെട്ടിടത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ച് വിലകൂടിയ രണ്ട് മൊബൈൽ ഫോണുകളും എ.ടി.എം. കാർഡ്, പവർ ബാങ്ക്, വാച്ച്, പണം എന്നിവയും കവർന്നു. പിന്നീട് ബൈക്കിൽ കയറ്റി എടപ്പാളിനടുത്ത നടുവട്ടത്ത് എത്തിച്ച് ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി ഒട്ടേറെ അക്രമ, കവർച്ച, ലഹരി വിൽപ്പന, കളവു കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ബെല്ലാരി ഷമീർ. സഫീറും വിവിധ കേസുകളിലെ പ്രതിയാണ്. പിടിയിലാകാനുള്ള സായൂജ് പേരാമംഗലം പോലീസ് സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിൽപ്പെട്ടയാളാണ്. പോലീസ് സംഘത്തിൽ എസ്.ഐ.മാരായ മനോജ്, സെൽവകുമാർ, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ. മാരായ ജയപ്രകാശ്, രാജേഷ്, സീനിയർ സി.പി.ഒ. ജയപ്രകാശ് എന്നിവരുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here