വ്യാജ കോവിഡ് ഫലം; വളാഞ്ചേരിയിലെ അർമലാബ് നടത്തിപ്പ്കാരനടക്കം രണ്ട് പേർ കൂടി പിടിയിൽ
വളാഞ്ചേരി: വ്യാജ കൊവിഡ് പരിശോധന ഫലം നൽകിയ കേസിൽ ഇന്ന് രണ്ട് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയും ചെർപ്പുളശ്ശേരി തൂത തെക്കുമുറി സ്വദേശിയായ സഞ്ജീദ് എസ് സാദത്ത് (20) ആണ് പിടിയിലായത്. വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടുപ്രതി വളാഞ്ചേരി കരേക്കാട് സ്വദേശി മുഹമ്മദ് ഉനൈസ് (23) നെയും പോലീസ് അറസ്റ്റ് ചെയ്തു.
വളാഞ്ചേരി അർമ്മ ലാബ് നടത്തിപ്പുകാരനാണ് ഇന്ന് അറസ്റ്റിലായ സഞ്ജീദ്. ഇയാളുടെ പിതാവും കേസിലെ ഒന്നാം പ്രതിയുമായ സുനിൽ സാദത്ത് ഒളിവിലാണ്. മഞ്ചേരി ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. 60 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതുവരെ ഉള്ള അന്വേഷണത്തിൽ ബോധ്യമായതെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു. കോഴിക്കോട് പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലാബ്, ആർ സെൽ എന്നീ ലാബുകളുടെ പേരിലാണ് പ്രതികൾ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. ഈ രണ്ട് ലാബുകളുടെ പരാതിയിലാണ് അറസ്റ്റുകൾ നടന്ന് വരുന്നത്. 2500 പേരുടെ സാമ്പിളുകൾ സ്വീകരിച്ച് ഇവ ലാബിന്റെ പിറക് വശത്ത് വച്ച് കത്തിക്കുകയായിരുന്നു. ഇപ്പോൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ് മുഖ്യപ്രതിയായ്സ് സുനിൽ. വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജി,
എസ്.ഐമാരായ മുരളീകൃഷ്ണൻ, ഇക്ബാൽ, മധു ബാലകൃഷ്ണൻ, എ.എസ്.ഐ രാജൻ, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട്, സി.പി.ഒ കൃഷ്ണ പ്രസാദ്, സിബി എബ്രഹാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here