പൊലീസ് ചമഞ്ഞ് തട്ടിപ്പ്; വളാഞ്ചേരിയിൽ രണ്ട് പേർ പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ പോലീസെന്ന വ്യാജേന ബൈക്കിൽ പട്രോളിംഗ് നടത്തി, കൂട്ടം കൂടി നിൽക്കുന്ന ആളുകളെ വിരട്ടിയോടിക്കുകയും ആളുകളിൽനിന്ന് പണപ്പിരിവ് നടത്തുകയും ചെയ്തതിന് ബാവപ്പടി വല്ലത്ത്പറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ ഉണ്ണി ശംഖു എന്ന അലി അക്ബർ (33), വടക്കുംപുറം കടുങ്ങാട് കുന്നത്തന്മാരിൽ വീട്ടിൽ ചാത്തൻകുട്ടിയുടെ മകൻ രമേശ് (35) എന്നിവരെ എസ്.ഐ മുരളീകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. ഒരാഴ്ചയായി വളാഞ്ചേരിയിലും പരിസരങ്ങളിലും ബൈക്കിൽ പട്രോളിങ് നടത്തി പോലീസ് എന്ന വ്യാജേന പണപ്പിരിവ് നടത്തുകയായിരുന്നു ഇവരുടെ രീതി. ഇരിമ്പിളിയം അംബാളിലെ ഒരു വീട്ടിൽ നിന്നും ഇവർ പണപ്പിരിവ് നടത്തിയിരുന്നു. വീട്ടുകാരിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഉണ്ണി ശംഖു എന്ന അലി അക്ബർ തൃശൂർ മണലൂർ നിവാസിയാണ്. ഇയാളുടെ പേരിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളുള്ളതായും, പിടികിട്ടാപുള്ളിയായ ഇയാൾ വളാഞ്ചേരി ബാവപടിയിൽ താമസിച്ചു വരികയായിരുന്നുവെന്നും പോലീസ് വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. കുറ്റിപ്പുറം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാഫിക് ഗാർഡ് അസോസിയേഷൻ എന്ന സംഘടനയിലെ അംഗമാണെന്നാണ് ഇവരുടെ വാദം. എന്നാൽ, പോലീസിന്റെ അനുമതിയോ അംഗീകാരമോയില്ലാത്ത സംഘടനയാണ് ഇതെന്ന് പോലീസ് പറഞ്ഞു. അലി അക്ബറിനെ അന്തിക്കാട് പോലീസിന് കൈമാറി. എസ്.ഐ മുരളികൃഷ്ണനെ കൂടാതെ എ.എസ്.ഐ ശിവകുമാർ, സി.പി.ഒ അനീഷ്, ക്രൈം ബ്രാഞ്ച് ഓഫീസർ നസീർ തിരൂർക്കാട് എന്നിവരും അന്വഷണസംഘത്തിലുണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here