കുളത്തൂരിലെ ബൈക്കപകടം; പരിക്കേറ്റ് ചികിത്സയിൽ കിടന്ന രണ്ടു പേർ മരണമടഞ്ഞു
പെരിന്തൽമണ്ണ ∙ കൊളത്തൂരിൽ 3 ബൈക്കുകൾ കൂട്ടിയിടിച്ച് നവവധുവും പ്ലസ്‌ടു വിദ്യാർഥിയും മരിച്ചു. കൊളത്തൂർ അമ്പലപ്പടി പുതുവാക്കുത്ത് അനസിന്റെ ഭാര്യ ജാസ്‌മിൻ(18), പലകപ്പറമ്പ് പള്ളിയാൽതൊടി ഹുസൈന്റെ മകൻ സൽമാൻ(18) എന്നിവരാണു മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് 7ന് കൊളത്തൂർ– മലപ്പുറം റോഡിൽ പുത്തില്ലം സ്‌കൂളിനു സമീപത്താണ് അപകടം. എതിരെ വന്ന സൽമാന്റെയും അനസിന്റെയും ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു ബൈക്കും ഇവരുടെ ബൈക്കുകളിൽ ഇടിച്ചു.
പരുക്കേറ്റ 4 പേരെയും മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും സൽമാൻ ഇന്നലെ പുലർച്ചെ 1.40നും ജാസ്‌മിൻ രാവിലെ 11നും മരിച്ചു. അനസും മൂന്നാമത്തെ ബൈക്ക് ഓടിച്ചിരുന്ന കൊളത്തൂർ തെക്കത്ത് ശിഹാബും ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു ജാസ്‌മിന്റെയും അനസിന്റെയും വിവാഹം. ബന്ധുവീട്ടിൽനിന്ന് സൽക്കാരം കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.
കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ സൽമാൻ സ്കൂൾ ഫുട്ബോൾ ടീം അംഗമായിരുന്നു. സൽമാന്റെ കബറടക്കം പലകപ്പറമ്പ് ജുമാ മസ്‌ജിദിലും ജാസ്‌മിന്റെ കബറടക്കം പള്ള്യാൽക്കുളമ്പ് ജുമാ മസ്‌ജിദിലും നടത്തി. ജാസ്‌മിന്റെ പിതാവ്: പള്ളിയാൽക്കുളമ്പ് വെളുത്തേങ്ങാടൻ അഷറഫ്. മാതാവ്: റൈഹാനത്ത്. സഹോദരങ്ങൾ: അബ്‌ദുൽ ബാരി, സാബിറ, റുബയ്യ. സൽമാന്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഷൈമ, ഉമ്മുസൽമ, ഷമീമ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here