തമിഴ്നാട്ടിലേക്ക് അനധികൃത മണ്ണുകടത്തൽ: കൊളത്തൂരിൽ രണ്ട് ലോറികൾ പിടികൂടി
പെരിന്തൽമണ്ണ: വാളയാർ സിമന്റ് ഫാക്ടറിയിൽ നിന്നു സിമന്റ് ലോഡുകൾ കോഴിക്കോട്ട് ഇറക്കിയതിനു ശേഷം തിരികെ വാളയാർ വഴി തമിഴ്നാട്ടിലേക്കു മണ്ണു കടത്തുന്ന രണ്ടു ലോറികൾ കൊളത്തൂർ പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്നു പരിയാരം ചിരട്ടാമലയിലെ ആരാധനാലയത്തിനു സമീപമുള്ള ഒരു സൈറ്റിൽ നിന്നു മണ്ണുമായി ഇന്നലെ പുലർച്ചെ ഒരു മണിക്കാണ് രണ്ടു ടോറസുകളും പോലീസ് ഇൻസ്പെക്ടർ പി.എം ഷമീറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ ഇവിടെയുണ്ടായിരുന്ന മറ്റു വാഹനങ്ങൾ സംഘം ഉടൻ മാറ്റി.
പെരിന്തൽമണ്ണ, കൊളത്തൂർ സ്റ്റേഷനുകളുടെ അതിർത്തിയിലായതിനാൽ മണ്ണ് ഖനനം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരിന്നില്ല. ഇത്തരം ഖനനം ചെയ്യുന്നതിനു സ്ഥല ഉടമകൾക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചു. ചട്ടിപറന്പിലും പടപ്പറന്പിലും തമിഴ്നാട്ടിലേക്കു മണ്ണു കടത്തിയ ടോറസ് ലോറികൾ കൊളത്തൂർ പോലീസ് മുന്പു പിടികൂടിയിരുന്നു. ടോറസിന്റെ ബോഡി ലെവലിൽ മണ്ണു നിറച്ച് ടാർപോളിൻ ഉപയോഗിച്ച് കെട്ടി പുലർച്ചെ പോകുന്ന ലോറികൾ ശ്രദ്ധയിൽപ്പെടില്ലാത്തതിനാലാണ് പിടിക്കപ്പെടാതെ പോകുന്നതെന്നു സിഐ പി.എം ഷമീർ പറഞ്ഞു. വാഹനങ്ങൾ ജില്ലാ ജിയോളജിസ്റ്റിനു കൈമാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here