കുമരംപുത്തൂര്‍ കുരുത്തിച്ചാലില്‍ ഒഴുക്കിൽപ്പെട്ടു കാടാമ്പുഴ സ്വദേശികളായ രണ്ട് പേരെ കാണാതായി
മണ്ണാർക്കാട്: കുമരംപുത്തൂര്‍ കുരുത്തിച്ചാലില്‍ ഒഴുക്കിൽപ്പെട്ടു കാടാമ്പുഴ സ്വദേശികളായ രണ്ട് പേരെ കാണാതായി. ബുധനാഴ്ച വൈകീട്ട് 5:15 ഓടെയാണ് സംഭവം. 3 പേരാണ് കുത്തൊഴുക്കില്‍പെട്ടത്. ഇതില്‍ ഒരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വൈകീട്ട് നാലര മണിയോടെയാണ് 6 പേരടങ്ങുന്ന സംഘം കുരുത്തിച്ചാലിലെത്തിയത്. സൈലന്റ്‌വാലി മലനിരകളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് കുരുത്തിച്ചാലില്‍ ശക്തമായ ജലമൊഴുക്കായിരുന്നു. കാടാംമ്പുഴ ചിത്രംപള്ളി സ്വദേശികളായ മുഹമ്മദാലി (23), ഇര്‍ഫാന്‍ (20), സുഖൈയില്‍ (21), ജസീം (19), റിന്‍ഷാദ് (24), സുഹൈല്‍ (22) എന്നിവരാണ് കുരുത്തിച്ചാലിലെത്തിയത്. ഇതില്‍ പുതുവള്ളി വീട്ടില്‍ മുഹമ്മദാലി, വെട്ടിക്കാടന്‍ ഇര്‍ഫാന്‍ എന്നിവരേയാണ് കാണാതായത്.
ശക്തമായ ജലപ്രവാഹം യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒഴുക്കിപ്പപ്പെട്ടവരെ കണ്ടെത്താനായില്ല. നേരം ഇരുട്ടായതോടെയും ശക്തമായ ജലമൊഴുക്ക് തിരച്ചിലിന് തടസ്സമാകുന്നതിനാലും തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. തിരച്ചിൽ നാളെ രാവിലെ തുടരും. നിസാര പരിക്കേറ്റ സുഹൈയില്‍, ജാസിം എന്നിവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി അപകട മരണങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണ് കരുത്തിച്ചാല്‍. മുന്നറിയിപ്പ് അവഗണിച്ചാണ് സന്ദര്‍ശകര്‍ സ്ഥലത്തെത്തുന്നതെന്ന് പ്രദേശവാസിയും മുന്‍ പഞ്ചായത്തംഗവുമായ ഉമ്മച്ചന്‍ പറഞ്ഞു. ഇതിന് നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പോലീസ്, റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here