വിസാചട്ടങ്ങള്‍ കര്‍ശനമാക്കി യുഎഇ; സന്ദര്‍ശക വിസയിലെത്തുന്നവർക്ക് 2000 ദിർഹവും ഹോട്ടൽ റിസർവേഷനും നിർബന്ധം
ദുബായ്: യുഎഇ വിസാചട്ടങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ തൊഴില്‍ അന്വേഷകര്‍ സന്ദര്‍ശക വിസയിയില്‍ എത്തേണ്ടതില്ലെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ മടക്ക ടിക്കറ്റും 2000 ദിര്‍ഹവും (41,530 രൂപ) താമസിക്കാന്‍ ഹോട്ടല്‍ മുറി റിസര്‍വ് ചെയ്ത രേഖകളും ഉണ്ടായിരിക്കണമെന്നാണ് ദുബായ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വ്യവസ്ഥകള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിനായി എത്തുന്നവര്‍ മാത്രം വിസിറ്റ് വിസയില്‍ എത്തിയാല്‍ മതിയെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കുന്നത്. ഒരു രാജ്യവും മതിയായ രേഖകളില്ലാത്ത യാത്രക്കാരെ സ്വീകരിക്കില്ല. രാജ്യത്തെ യാത്രാ ചട്ടങ്ങളും നിയമങ്ങളും
അനുസരിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ പറഞ്ഞു. ഇ-മൈഗ്രേറ്റ് ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍വഴി മാത്രമേ നിയമനം നടത്താവൂയെന്നാണ് തൊഴില്‍ ദാതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ചൊവ്വാഴ്ച മാത്രം 1373 പാക് പൗരന്മാര്‍ക്കാണ് ദുബായില്‍ പ്രവേശിക്കുന്നതിന് അനുമതി നിഷേധിച്ചത്. ഇതില്‍ 1276 പേരെ നാട്ടിലേക്ക് തിരിച്ചയച്ചു. 98 പേര്‍ ഇപ്പോഴും വിമാനത്താവളത്തില്‍ തുടരുകയാണെന്ന് കോണ്‍സുലേറ്റ് വക്താവിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ ബാക്കിയുള്ളവരെയും നാട്ടിലേക്ക് തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 300 ഇന്ത്യന്‍ യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഇതില്‍ 80 പേര്‍ക്ക് പിന്നീട് പ്രവേശനാനുമതി നല്‍കി. 49 പേര്‍ ഇപ്പോഴും വിമാനത്താവളത്തിലാണ്. ഉടന്‍ തന്നെ ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും. എന്നാല്‍ വിമാനങ്ങളില്‍ സീറ്റുകള്‍ ഒഴിവില്ലാത്ത സ്ഥിതിയാണെന്നും കോണ്‍സുലേറ്റിലെ വക്താവ് അറിയിച്ചു. കോവിഡ് ലോക്ക്ഡൗണിന് ശേഷം വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചതോടെയാണ് തൊഴിലന്വേഷകര്‍ സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് കൂട്ടത്തോടെ എത്തിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here