വളാഞ്ചേരി മാടത്തിയാർകുന്നിലെ അനധികൃത ഖനനം അവസാനിപ്പിക്കണം-യുഡിഎഫ്
വളാഞ്ചേരി: പ്രകൃതി രമണീയവും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ മാടത്തിയാർ കുന്നിൽ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. അനധികൃത ഖനനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം ഉണ്ട് എന്നും ചെയർമാൻ വ്യക്തമാക്കി. ഭീകരമായ സ്ഥിതി വിശേഷമാണ് മാടത്തിയാർ കുന്നിൽ ഇപ്പോൾ കാണാനാവുക. വലിയ തോതിൽ ചെങ്കല്ല് ഖനനം ഇതിനകം തന്നെ അവിടെ നടന്നു കഴിഞ്ഞു. ഇനിയും ഖനനം തുടർന്നാൽ പ്രവചനാതീതമായ ദുരന്തമായിരിക്കും സംഭവിക്കുക. മാടത്തിയാർകുന്നിന്റെ താഴ്ഭാഗങ്ങളിൽ താമസിക്കുന്ന അനേകം മനുഷ്യരുടെ ജീവനും ജീവിതവുമാണ് പ്രധാനം.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും എല്ലാവരും മാറി നിൽക്കണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു. മാടത്തിയാർകുന്നിൽ നടക്കുന്ന അനധികൃത ചെങ്കല്ല് ഖനനം ഉടൻ നിർത്തി വെക്കണമെന്ന് യുഡിഎഫ് നേതാക്കൾ അധികൃതരോടാവാശ്യപ്പെട്ടു. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് മാടത്തിയാർകുന്നിൽ കാണാൻ കഴിയുക. കുന്നിന്റെ താഴെ താമസിക്കുന്ന ആളുകൾക്ക് ഭീഷണിയാവുന്ന വിധത്തിലാണ് ഇവിടെ ഖനനം നടക്കുന്നത്. ഇത് മറ്റൊരു കവളപ്പാറയിൽ കലാശിക്കാതിരിക്കാൻ ശക്തമായ ഇടപെടൽ അനിവാര്യമാണ്. ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളി വിടുന്ന അനധികൃത ഖനനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും യു ഡി എഫ് വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ പറശേരി ഹസൈനാർ, കൺവീനർ സലാം വളാഞ്ചേരി എന്നിവർ ആവശ്യപ്പെട്ടു. നഗരസഭ വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ ഈസ നമ്പ്രത്ത്, സുബിത രാജൻ, എൻ ടി കുഞ്ഞിപ്പ എന്നവർ അനുഗമിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here