പണം കിട്ടിയാൽ എന്തുംചെയ്യുന്ന കൊള്ളക്കാരുടെ സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്- വി.ഡി. സതീശൻ
വളാഞ്ചേരി : പണം കിട്ടിയാൽ എന്തുംചെയ്യുന്ന കൊള്ളക്കാരുടെ സംഘമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുർഭരണത്തിനുമെതിരേ യു.ഡി.എഫ്. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ സംഘടിപ്പിച്ച കുറ്റവിചാരണസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ ദുർഭരണവും ധൂർത്തുമാണ് നടത്തുന്നത്. അഞ്ചുമാസമായി സാമൂഹികസുരക്ഷാ പെൻഷൻ കിട്ടാതെ മരുന്നുവാങ്ങുന്നതിനുപോലും പണമില്ലാതെ പാവപ്പെട്ട ജനങ്ങൾ വലയുകയാണ്. സപ്ലൈകോ, മാവേലി, കെ.എസ്.ആർ.ടി.സി. ഉൾപ്പെടെ സാധാരണക്കാരന്റെ ആശ്രയമെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. ലൈഫ് ഭവനപദ്ധതിയിൽ ഒൻപതുലക്ഷം അപേക്ഷകർ രണ്ട്, മൂന്ന് ഗഡുക്കൾ കിട്ടാതെ അധികൃതരുടെ മുന്നിൽ യാചിക്കുന്നു.
സർക്കാർ ജീവനക്കാർക്കും പെൻഷർകാർക്കും അർഹമായ ആനുകൂല്യങ്ങൾ നൽകുന്നില്ല. എന്നിട്ടും യാതോരു ജാള്യതയുമില്ലാതെ മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും ഉല്ലാസയാത്ര നടത്തുന്നു. ഇക്കാരണങ്ങൾകൊണ്ടാണ് പ്രതിപക്ഷം കേരളജനതയുടെ മനഃസാക്ഷിയുടെ കോടതിയിൽ സംസ്ഥാനസർക്കാരിനെ വിചാരണ നടത്തി മുന്നോട്ടുപോകുന്നത് -വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനംകണ്ട ഏറ്റവുംവലിയ ഭീരുവാണെന്നും സ്വന്തം നിഴലിനെപ്പോലും പേടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. ചെയർമാൻ വി. മധുസൂദനൻ അധ്യക്ഷതവഹിച്ചു. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. വിചാരണാപത്രം വായിച്ചു. അഡ്വ. കെ.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറി റിജിൽ മാക്കുറ്റി, ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി, ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി., പി. ഇഫ്ത്തിക്കാറുദ്ദീൻ, ഉമർ ഗുരുക്കൾ, ബഷീർ രണ്ടത്താണി, മുഹമ്മദ് പാറയിൽ, വസീമ വേളേരി തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here