സംസ്ഥാന സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ യു.ഡി.എഫ് കളക്ട്രേറ്റ് ഉപരോധം
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് ഉപരോധം മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു.ശബരിമല വിഷയം പക്വമായി കൈകാര്യം ചെയ്യുന്നതിനു പകരം കേരളം കത്തിക്കാൻ ബിജെപിയെ സഹായിക്കുകയാണ് ഇടതു സർക്കാർ ചെയ്തത്. സിപിഎം സ്വീകരിക്കുന്ന നിലപാട് ബിജെപിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ്. കോൺഗ്രസിനെയും യുഡിഎഫിനെയും ക്ഷീണിപ്പിച്ചു ബിജെപിയെ വളർത്തി കേരളത്തിൽ എന്നും അധികാരത്തിലിരിക്കാമെന്ന വ്യാമോഹമാണ് സിപിഎമ്മിനുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകും.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയമോഹൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ യു.എ.ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, എ.പി.അനിൽകുമാർ എംഎൽഎ, അബ്ദുറഹിമാൻ രണ്ടത്താണി, ഇ.മുഹമ്മദ്കുഞ്ഞി, ജോണി പുല്ലന്താണി, വെന്നിയൂർ മുഹമ്മദ്കുട്ടി, വാസു കാരയിൽ, സി.പി.കാർത്തികേയൻ, ഒ.ജെ.ബിജു, കെ.പി.അനസ്, എം.പി.സിറാജുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ 8ന് സിവിൽ സ്റ്റേഷന്റെ പ്രധാന കവാടങ്ങൾക്കു മുൻപിൽ പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ പ്രതിഷേധമതിൽ തീർത്ത് ഉപരോധം ആരംഭിച്ചു. കലക്ടറേറ്റിലേക്കു ജീവനക്കാരെ പ്രവേശിക്കാൻ അനുവദിച്ചില്ല. 11.30ന് ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തതായി അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here