ഇത് മനസുകളുടെ പുണ്യം; പുണ്യയുടെ വിവാഹവേദിയിൽ സുമംഗലികളാകുന്നത് ഒമ്പത് യുവതികൾ!
വെട്ടിച്ചിറ: സമൂഹവിവാഹ കാഴ്ച്ചകൾക്കിടയിൽ വേറിട്ടൊരു വിവാഹവേദിക്കാണ് ഈമാസം 30ന് വെട്ടിച്ചിറ കെ.സി. ഓഡിറ്റോറിയം സാക്ഷിയാവുക. യു.എ.ഇയിൽ അദ്ധ്യാപകനും വെട്ടിച്ചിറ സ്വദേശിയുമായ പൂളക്കോട്ട് ഉമ്മർഭായിയുടെ രണ്ടാമത്തെ മകൾ പുണ്യയുടെ വിവാഹവേദിയിൽ നിർധനരായ ഒമ്പത് യുവതികൾ മംഗല്യവതികളാവും. അഞ്ച് പവൻ സ്വർണവും വസ്ത്രവും ബന്ധുക്കൾക്കുള്ള ഭക്ഷണവുമെല്ലാം ഉമ്മർഭായി ഒരുക്കും. ആദ്യം മൂന്നുപേരുടെ വിവാഹമാണ് ഉദ്ദേശിച്ചതെങ്കിൽ അർഹരെ കണ്ടെത്താൻ വാട്സ്ആപ്പിലൂടെ നടത്തിയ അന്വേഷണത്തിൽ സഹായമഭ്യർത്ഥിച്ചത് നിരവധിപേർ.
വിവാഹപ്രായം കവിഞ്ഞവരും തീർത്തും നിർധനരുമായിരുന്നു മിക്കവരും. കൂടുതൽപേരുടെ വിവാഹത്തിന് സാമ്പത്തികം തടസമായതോടെ തനിക്കായി കരുതിയ ആഭരണങ്ങൾ നിർധന പെൺകുട്ടികൾക്ക് നൽകാമെന്ന നിർദ്ദേശം പിതാവിന് മുന്നിൽ പുണ്യ വച്ചതോടെ സുമംഗലിയാവുന്നവരുടെ എണ്ണം ഒമ്പതായി. നവവരൻ അബ്ദുൾകലാം ആസാദിനും പൂർണ്ണസമ്മതം. പച്ചക്കറി വിത്തോട് കൂടിയ വിവാഹക്ഷണക്കത്തിൽ മകൾക്കൊപ്പം ഒമ്പത് നവവധൂവരന്മാരെയും ഉൾപ്പെടുത്തി. 8,000 പേർക്കാണ് ക്ഷണം. രാവിലെ 10.30നുള്ള ശുഭമുഹൂർത്തത്തിൽ കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശി കെ.പി. വിസ്മയ രാജിന്റെയും പുൽപ്പറ്റ തൃപ്പനച്ചിയിലെ പി.കെ. സിന്ധുവിന്റെയും വിവാഹവും തുടർന്ന് ഏഴ് നവദമ്പതികളുടെ നിക്കാഹും നടക്കും.
കഞ്ഞിയും ചക്കപ്പുഴുക്കും ചമ്മന്തിയുമാണ് അതിഥികൾക്കായി ഒരുക്കുന്നത്. ഭക്ഷണ വൈവിദ്ധ്യങ്ങൾക്കായി പണം ധൂർത്തടിക്കാതെ നിർധന യുവതികളുടെ മംഗല്യച്ചെലവിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണിത്. സീസണാണെന്നതും തനത് ഭക്ഷണവുമെന്ന നിലയിലാണ് ചക്ക തിരഞ്ഞെടുത്തത്. ഉമ്മർഭായിക്ക് പിന്തുണയുമായി ഭാര്യ സാബിറയും മറ്റ് മക്കളായ റഊഫ്, സിത്താര, റിച്ചൂസ് എന്നിവരും കൂടെയുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here