മുസ്ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിന്റെ ദേശീയ തലസ്ഥാനമായി യു.പി മാറിയിരിക്കുന്നു: ഒ. എം. എ. സലാം
പുത്തനത്താണി: അധികാരം നിലനിര്‍ത്താനായി ജനങ്ങള്‍ക്ക് മേല്‍ അമിതാധികാര പ്രയോഗവും ബലാല്‍ക്കാരവും പ്രയോഗിച്ച ഏകാധിപതികളെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ട കാര്യം ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ഓര്‍ക്കുന്നത് നല്ലതാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ. എം. എ സലാം അഭിപ്രായപ്പെട്ടു. പോപുലര്‍ ഫ്രണ്ട് ഡേ യോടനുബന്ധിച്ച് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പുത്തനത്താണിയില്‍ സംഘടിപ്പിച്ച യൂണിറ്റി മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിന്റെ ദേശീയ തലസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയിരിക്കുകയാണ്. മോദിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിക്കുന്നവരെയെല്ലാം വേട്ടയാടി തുറുങ്കിലടക്കുകയാണ്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഭീകരാക്രമണം എന്ന കെട്ടുകഥ ചമച്ച് രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തത്.
ജനാധിപത്യത്തെ നോക്കു കുത്തിയാക്കി ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ഗൂഢ ലക്ഷ്യങ്ങള്‍ നേടാനുള്ള ഉപകരണങ്ങളാക്കി മാറ്റുന്ന കേന്ദ്ര ഭരണകൂടം തങ്ങളുടെ വന്‍ തകര്‍ച്ചക്കു മുമ്പേയുള്ള ആളിക്കത്തലിലാണ്. തുല്യ നീതി പുലരുന്ന പുതിയ ഒരു ഇന്ത്യയെ സ്വപ്നം കണ്ട് ഫാസിസ്റ്റ് അതിക്രമങ്ങളെ ജനകീയമായി ചെറുക്കുന്നതിനായി 2007 ഫെബ്രുവരി 17 ന് നിലവില്‍ വന്ന പോപുലര്‍ ഫ്രണ്ട് അതിന്റെ പ്രയാണം തുടരുകയാണ്. അന്വേഷണ പ്രഹസനങ്ങളോ കുപ്രചരണങ്ങളോ അതിനെ തടയാന്‍ പര്യാപ്തമല്ല എന്ന് അദ്ദേഹം അഭിപ്രായപെട്ടു. മാത്രമല്ല നാള്‍ക്കു നാള്‍ സംഘടനയുടെ ജനകീയ പിന്തുണ വര്‍ദ്ധിച്ചു വരുന്നു. ഫാസിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ ഇരകള്‍ക്കൊപ്പം എന്നും ഞങ്ങള്‍ നില കൊള്ളും. അതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനോ രാജ്യത്തിന്റെ ശത്രുക്കളുമായി രാജിയാക്കുവാനോ ഒരു ശക്തിക്കും കഴിയുകയില്ല. കര്‍ഷകര്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ, വിദ്യാര്‍ത്ഥികള്‍ മുതല്‍ പണ്ഡിതന്‍മാര്‍ വരെ RSS കാരും കോര്‍പറേറ്റുകളുമല്ലാത്ത എല്ലാവരും ഭരണകൂട വേട്ടക്ക് വിധേയമാകുന്ന ഈ കെട്ട കാലത്ത്, വര്‍ഗീയ ഫാസിസ്റ്റുകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും യോജിക്കുകയും ഒരുമിച്ച് മുന്നേറുകയും ചെയ്യണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
പൊതുസമ്മേളനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് മൗനം ആചരിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി.കെ അബ്ദദുല്‍ അഹദ് അദ്ധ്യക്ഷത വഹിച്ചു. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. കെ. അബ്ദുല്‍ മജീദ് ഖാസിമി വിഷയാവതരണം നടത്തി.മലബാര്‍ സമര അനുസ്മരണ സമിതി വൈസ് ചെയര്‍മാന്‍ പി. സുന്ദര്‍ രാജ്,ആതവനാട് ഗ്രാമ പഞ്ചായത്തംഗം എം.കെ. സക്കരിയ്യ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് വി.പി ഉസ്മാന്‍ ഹാജി, SDPI മലപ്പുറം ജില്ല പ്രസിഡണ്ട് സി.പി. എ ലത്തീഫ് ,NCHRO സംസ്ഥാന ട്രഷറര്‍ കെ. പി. ഒ റഹ്മതുല്ല,ഇമാംസ് കൗണ്‍സില്‍ ജില്ല സെക്രട്ടറി സഈദ് മൗലവി, PDP നേതാവ് ബീരാന്‍ ഹാജി, NWF മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്
സമീറ നാസര്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ശുഹൈബ് ഒഴൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. കെ അബ്ദുല്‍ ജലീല്‍ സ്വാഗതവും പുത്തനത്താണി ഡിവിഷന്‍ പ്രസിഡണ്ട് സി. വി. നൗഷാദ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here