വളാഞ്ചേരിയിൽ കാറിൽനിന്ന് 162 കുപ്പി വിദേശമദ്യം പിടികൂടി
വളാഞ്ചേരി : ദേശീയപാതയിൽ വളാഞ്ചേരിക്കടുത്ത് വട്ടപ്പാറയിൽ പോലീസ് നടത്തിയ വാഹനപരിശോധനയിൽ കാറിൽനിന്ന് 162 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. പിടിച്ചെടുത്തത് 121 ലിറ്റർ മദ്യമുണ്ടെന്ന് വളാഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷ് പറഞ്ഞു. മദ്യവുമായി വന്ന കോഴിക്കോട് വടകര അഴിയൂർ വൈദ്യർകുനിയിൽ അർഷാദി (34)നെ പോലീസ് അറസ്റ്റുചെയ്തു. വാഹനം പരിശോധിക്കാനായി പോലീസ് കൈകാണിച്ചപ്പോൾ അർഷാദ് കാർ നിർത്തി ഇറങ്ങി ഓടി. സംശയം തോന്നിയ പോലീസ് ഇയാളെ ഓടിച്ച് പിടിക്കുകയായിരുന്നു. ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. മദ്യം കൊണ്ടുവരാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കാറിന്റെ ഡിക്കിയിൽ കെയ്‌സുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. മുമ്പും ഇതേരീതിയിൽ മദ്യം കൊണ്ടുവന്നിട്ടുണ്ടെന്നും ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു. മാഹിയിൽനിന്ന് അങ്കമാലിയിലേക്ക് കൊണ്ടുപോകുന്ന മദ്യമാണ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് മദ്യവേട്ട നടന്നത്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം നടക്കുന്ന വാഹന പരിശോധയ്ക്ക് ഇറങ്ങിയതായിരുന്നു പോലീസ് സംഘം. അതിനിടയിലാണ് അർഷാദിന്റെ കാറിന് പോലീസ് കൈകാണിച്ചതും ഇയാൾ ഇറങ്ങി ഓടിയതും. തുടർന്നാണ് പോലീസിന്റെ വിശദപരിശോധന ഉണ്ടായത്. അർഷാദ് നിലവിൽ പെരിന്തൽമണ്ണയ്ക്കടുത്ത് തിരൂർക്കാടാണ് താമസം.
പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷിനൊപ്പം എസ്.ഐ. എൻ. മുഹമ്മദ് റഫീഖ്, അഡീഷണൽ എസ്.ഐ.മാരായ ബെന്നി, അബൂബക്കർ കോയ, എ.എസ്.ഐ. ബെന്നി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽദേവ്, രജീഷ്, ജെറിഷ്, അബ്ദു, സി.പി.ഒ. മാരായ ഗിരീഷ്, അനൂപ്, അഖിൽ, സുനിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. അർഷാദിനെ തിരൂർ കോടതിയിൽ ഹാജരാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here