മാനവികതയുടെ പരിമളം പരത്തി വളാഞ്ചേരി ജുമാ മസ്ജിദ്
വളാഞ്ചേരി: വെള്ളിയാഴ്ച്ച (ഒക്ടോ: 6ന്) രാവിലെ 11 മണി മുതൽ വളാഞ്ചേരി ജുമാ മസ്ജിദിനു മുന്നിൽ ദൈന്യതയാർന്ന മുഖവുമായി നിൽക്കുകയായിരുന്നു തൃശ്ശൂർ സ്വദേശിയായ രുഗ്‌മിണി എന്ന അമ്മ. ജുമാ നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുന്ന വിശ്വാസികൾ നൽകുന്ന നാണയ തുട്ടുകളായിരുന്നു ആ പാവത്തിന്റെ പ്രതീക്ഷ. വളാഞ്ചേരി ടൗൺ ജുമാ മസ്ജിദ് ഇമാം മുനീർ ഹുദവി പള്ളിയോടു ചാരി റോഡരികിൽ നിൽക്കുന്ന അമ്മയെ കാണുകയും അടുത്ത് ചെന്നു കാര്യങ്ങൾ തിരക്കുകയും ചെയ്തു. ആദ്യം കണ്ണീരായിരുന്നു മറുപടി. പിന്നെ എല്ലാം പറഞ്ഞു തുടങ്ങി. എട്ടാം വയസ്സിൽ മകളുടെ ഓപ്പറേഷനു വേണ്ടി കിടപ്പാടം വിറ്റതും, മകളുടെ ജീവൻ നില നിർത്താൻ നെട്ടോട്ടമോടുന്നതും എല്ലാം ഇമാമിന് മുന്നിൽ കരഞ്ഞു പറഞ്ഞു. രോഗം മൂലം കിടപ്പിലായ മകളുടെ ചികിത്സക്ക് മറ്റൊരു വഴിയുമില്ല. പള്ളിക്കു മുന്നിൽ നിന്നും കിട്ടുന്നതുമായി നേരെ തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയിൽ എത്തണം.
രുഗ്‌മിണിയമ്മയെ ആശ്വസിപ്പിച്ച ഇമാം അവരെ പള്ളിയോടു ചാരിയുള്ള തന്റെ താമസ സ്ഥലത്തു കൊണ്ടിരുത്തി. തന്റെ ഖുതുബ പ്രഭാഷണത്തിൽ രുഗ്മിണി അമ്മയുടെ വേദന മുനീർ ഹുദവി വിശ്വാസികളോട് അവതരിപ്പിച്ചു. നിസ്‌കാര ശേഷം കുറഞ്ഞ സമയം കൊണ്ട് നല്ലൊരു തുക അവർ പിരിച്ചെടുത്തു. പിന്നെ ഇമാം തന്നെ ആ തുക രുഗ്മിണി അമ്മയെ ഏൽപ്പിക്കുകയും ചെയ്തു. കണ്ണും മനസ്സും നിറഞ്ഞ ആ അമ്മയെ ഇമാമും അവിടെ കൂടിയ വിശ്വാസികളും ചേർന്ന് യാത്രയാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here