കോവിഡ് വാക്സിൻ പരീക്ഷണം; യു.എ.ഇ സർക്കാരിന്റെ പാരിതോഷികം ദുരിതാശ്വാസ നിധിയിലേക്ക് നൽകി വളാഞ്ചേരി സ്വദേശി യുവാവ്
വളാഞ്ചേരി: സ്വന്തം ശരീരം കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിട്ടു കൊടുത്തതിന് യു എ ഇ സർക്കാരിൽ നിന്നു ലഭിച്ച പാരിതോഷികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി യുവാവ് മാതൃകയായി. പാണ്ടികശാല അബുദാബിപ്പടി തോണിക്കടവത്ത് ഹംസ എന്ന മാനുപ്പ – ഹഫ്സ ദമ്പതികളുടെ മകൻ നൗഫൽ ആണ് പുതുതലമുറക്ക് മാതൃകയായി മാറിയത്. യു.എ.ഇയിൽ സ്വകാര്യ സി.സി.ടി.വി കമ്പനിയിലാണ് കഴിഞ്ഞ നാല് വർഷമായി നൗഫൽ ജോലി ചെയ്യുന്നത്. ആഗസ്റ്റ് മാസത്തിലാണ് രണ്ട് തവണകളിലായി ചൈന വികസിപ്പിച്ചെടുത്ത വാക്സിന്റെ യു.എ.ഇ – ചൈന സംയുക്ത പരീക്ഷണത്തിന് നൗഫൽ വിധേയനായത്. നാട്ടിൽ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന സമയത്തും ജീവകാരുണ്യമേഖലയിൽ നൗഫൽ സജീവ സാന്നിധ്യമായിരുന്നു.
കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയമായതിന് സർക്കാരിൽ നിന്നും കിട്ടിയ പാരിതോഷികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ നാട്ടിലേക്ക് അയച്ചു കൊടുത്തു. നൗഫലിന്റെ പിതാവ് ഹംസയിൽ നിന്നും എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഏറ്റുവാങ്ങി. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി പി സക്കറിയ, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എ സൈതലവി, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി വി ടി രവീന്ദ്രൻ, റിനീഷ് പി ചന്ദ്രൻ, സി രാജേഷ്, വി കെ ജിഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യു എ ഇ യിൽ തന്നെ ജോലി ചെയ്യുന്ന ഫാസിൽ, എൻജിനീയറിങ് വിദ്യാർത്ഥിയായ അൻസിൽ എന്നിവർ സഹോദരങ്ങളാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here