മാലിന്യത്തിൽ മുങ്ങി വളാഞ്ചേരി നഗരം
വളാഞ്ചേരി: വളാഞ്ചേരി നഗരം മലിനജലത്തിൽ മുങ്ങിയതോടെ പകർച്ചവ്യാധി ഭീതിയിൽ കച്ചവടക്കാരും നാട്ടുകാരും. നഗരസഭ മത്സ്യ മാംസ മാർക്കറ്റിൽ നിന്നടക്കമുള്ള മലിനജലം റോഡിലൂടെ പരന്നൊഴുകുകയാണ്. നഗരത്തിലെ മലിനജലം മുഴുവൻ ഓടകളിലൂടെ വൈക്കത്തൂർ, പാങ്ങാടൻചിറ ഭാഗത്തേക്കാണ് മുമ്പ് ഒഴുകിയിരുന്നതെങ്കിൽ ഇപ്പോഴതെല്ലാം റോഡിലൂടെയാണ് ഒഴുകുന്നത്. നഗരത്തിലെ മിക്ക റോഡുകളിലും മലിനജലം നിറഞ്ഞിട്ടുണ്ട്. മാലിന്യത്തിൽ ചവിട്ടി നടക്കേണ്ടി വരുന്നതിനാൽ രോഗ ഭീതിയിലാണ് ഇവിടെയെത്തുന്നവർ. കൂടാതെ പലയിടത്തും വെള്ളം കെട്ടിനിന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന സ്ഥിതിയുമുണ്ട്.
മഴവെള്ളം ഒഴുക്കിക്കളയാൻ ഐറിഷ് മോഡൽ പദ്ധതിക്ക് തുടക്കമിട്ടതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. പെരിന്തൽമണ്ണ, പട്ടാമ്പി റോഡുകളിലെ ഓടകൾ നികത്തിയതിനാൽ ഇതിലൂടെ മലിനജലം ഒഴുക്കിയിരുന്നത് തടയപ്പെട്ടു. ഇതോടെ നഗരസഭയുടെ അധീനതയിലുള്ള സ്ഥാപനങ്ങൾക്ക് തന്നെ തിരിച്ചടി കിട്ടിയിരിക്കുകയാണ്. കംഫർട്ട് സ്റ്റേഷൻ, മത്സ്യ, മാംസ മാർക്കറ്റ് എന്നിവിടങ്ങളിലെ മലിന ജലവും പുറത്തേക്ക് ഒഴുകിയിരുന്നു. എന്നാൽ ഇപ്പോൾ ഇവിടങ്ങളിലെ മാലിന്യം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയാണുള്ളത്. കംഫർട്ട് സ്റ്റേഷന്റെ ടാങ്ക് നിറഞ്ഞതിനാൽ ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ മാർക്കറ്റിലെ ടാങ്കുകൾ നിറഞ് രൂക്ഷമായ ദുർഗന്ധം വമിക്കുന്ന മലിനജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. മത്സ്യവും മാംസവും വൃത്തിയാക്കുന്ന വെള്ളം ടാങ്കിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം വൻതോതിൽ മഴവെള്ളവും ടാങ്കിലേക്ക് എത്തുന്നതിനാൽ ടാങ്ക് നിറഞ്ഞുകവിയുകയാണ്.
മാർക്കറ്റിലേക്കുള്ള രണ്ടു റോഡുകളിൽ കൂടിയും മലിനജലം ഒഴുകുന്നതിനാൽ പകർച്ച വ്യാധി ഭീതിയിലാണ് ഇവിടുത്തെ കച്ചവടക്കാർ. പത്തോളം പേരാണ് പനി പിടിപെട്ട് ചികിത്സയിൽ കഴിയുന്നത്. തൊട്ടടുത്ത കുറ്റിപ്പുറം പഞ്ചായത്തിൽ എച്ച് 1 എൻ 1 പിടിപെട്ട് യുവാവ് മരണപ്പെട്ടത് രണ്ടു ദിവസം മുൻപാണ്. പകർച്ചവ്യാധികളുടെ കേന്ദ്രമായി വളാഞ്ചേരിയും കുറ്റിപ്പുറവുമെല്ലാം മാറമ്പോൾ ഭീതിയിൽ കഴിയുകയാണ് നാട്ടുകാർ. മാലിന്യ പ്രശ്നം പരിഹരിക്കാനും പകർച്ചവ്യാധി തടയാനും നടപടി സ്വീകരിക്കാൻ നഗരസഭയും ആരോഗ്യ വകുപ്പും തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here