വളാഞ്ചേരി സ്വദേശികളെ വഞ്ചിച്ച് 132 കോടി രൂപ തട്ടിയെടുത്ത പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി
വളാഞ്ചേരി: ദുബായില്‍ മലപ്പുറം സ്വദേശികളെ വഞ്ചിച്ച് 132 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ഗള്‍ഫ് കേന്ദ്രമാക്കി കോടികളുടെ തട്ടിപ്പ് നടത്തിയ സിറ്റി ഡ്യൂ കമ്പനിയുടെ ഉടമസ്ഥരായ ഏഴുപേരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളാണ് കോഴിക്കോട് ഉത്തരമേഖലാ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. വ്യവസായ നിക്ഷേപങ്ങള്‍ക്ക് പത്തുശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പെരുമ്പടപ്പ് സ്വദേശി എന്‍. ഹൈദ്രോസ്, കോലളമ്പ് സ്വദേശികളായ പി. അബ്ദുള്ള, എ. ഹസ്സന്‍, പി. ഹമീദ്, കെ.വി. സിദ്ദിഖ്, സി.വി. അഷ്‌റഫ്, എറവക്കാട് സ്വദേശി ഇ. സക്കീര്‍ ഹുസൈന്‍ എന്നിവരുടെയും കുടുംബാംഗങ്ങളുടെയും ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടെ 37 സ്ഥലങ്ങളിലെ വിവിധ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. രണ്ട് ബാങ്കുകളിലുണ്ടായിരുന്ന ഒരു കോടി രൂപയുടെ നിക്ഷേപവും കണ്ടുകെട്ടി.
കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി. തൃശ്ശൂര്‍ ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കിലും ഒരു ദേശസാത്കൃത ബാങ്കിലുമായിരുന്നു നിക്ഷേപമുണ്ടായിരുന്നത്.
മലപ്പുറത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള 2002 മുതല്‍ 2009 വരെയുള്ള കേസുകളിലാണ് നടപടി. വളാഞ്ചേരി കുറ്റിപ്പുറം സ്വദേശി ഖലീലുല്‍ റഹ്മാന്‍, കോലളമ്പ് സ്വദേശി ഹംസക്കുട്ടി, പരപ്പനങ്ങാടിയിലെ മുഹമ്മദ് ഇക്ബാല്‍ തുടങ്ങി 30ഓളം പേരാണ് പരാതി നല്‍കിയിരുന്നത്. മലപ്പുറം ക്രൈംബ്രാഞ്ച് സി.ഐ.ഡി. സബ് യൂണിറ്റാണ് കേസ് അന്വേഷിച്ചിരുന്നത്. മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ പ്രവാസിമലയാളികളാണ് തട്ടിപ്പിനിരയായത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here