ഓണിയിൽ പാലത്തിനു സമീപം മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി നിരീക്ഷണക്യാമറ സ്ഥാപിച്ച്
വളാഞ്ചേരി : മാലിന്യം പാതയോരത്ത് തള്ളുന്നവർ ഇനിമുതൽ സൂക്ഷിക്കണം. നിരീക്ഷണക്യാമറ സജ്ജമാക്കി നഗരസഭാ അധികൃതർ. ദേശീയപാതയിൽ ഓണിയിൽ പാലത്തിനു സമീപത്താണ് വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ നിരീക്ഷണക്യാമറ സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാതയോരത്ത് നഗരസഭയുടെ മുന്നറിയിപ്പ് ബോർഡുണ്ടായിട്ടും ഇവിടെ മാലിന്യം തള്ളുന്നത് പതിവാണ്. തള്ളുന്ന മാലിന്യങ്ങളിൽനിന്ന് കണ്ടെടുത്ത കവറുകളിലുള്ള സ്ഥാപനങ്ങളുടെയും മറ്റും പേരുകൾ നോക്കി അവരിൽനിന്ന് പിഴ ഈടാക്കിയിരുന്നു. പിഴ ഈടാക്കുന്നതും കടക്കാർക്ക് നോട്ടീസ് നൽകുന്നതും വലിയ എതിർപ്പിന് ഇടയായ സാഹചര്യത്തിലാണ് നിരീക്ഷണക്യാമറ വെച്ചത്.
ഹരിതകർമസേന വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവമാലിന്യം സംഭരിച്ചുവെക്കാൻ ഓണിയിൽപാലത്തിനടുത്ത് മിനി മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളി പോകുന്നത് ഇവിടെ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ വന്ന് മാലിന്യം തള്ളിയ ആളുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. ഐ.എം.എ. വളാഞ്ചേരി യൂണിറ്റും ക്ലാസിക് ക്ലബ്ബ് മൂച്ചിക്കലും ചേർന്ന് ഈ സ്ഥലം ജനശ്രദ്ധയുള്ള മേഖലയാക്കി മാറാൻ പൂച്ചെടികളും ഇരിപ്പിടങ്ങളും സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here