HomeNewsPublic Issueനഗരത്തിൽ മാലിന്യം തള്ളുന്നത് തുടരുന്നു; കർശന നടപടിയുമായി മുന്നോട്ട് പോകാനുറച്ച് വളാഞ്ചേരി നഗരസഭ

നഗരത്തിൽ മാലിന്യം തള്ളുന്നത് തുടരുന്നു; കർശന നടപടിയുമായി മുന്നോട്ട് പോകാനുറച്ച് വളാഞ്ചേരി നഗരസഭ

valanchery-waste-deposit

നഗരത്തിൽ മാലിന്യം തള്ളുന്നത് തുടരുന്നു; കർശന നടപടിയുമായി മുന്നോട്ട് പോകാനുറച്ച് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്ന പ്രവണതക്കെതിരെ കർശന നടപടികൾക്കൊരുങ്ങി വളാഞ്ചേരി നഗരസഭ. തുടർച്ചയായ ബോധവൽക്കരണ പരിപാടികൾക്കും ശിക്ഷകൾക്കും പുല്ലുവില കൽപ്പിക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെയാണ് നഗരസഭ നടപടിക്ക് ഒരുങ്ങുന്നത്. അജൈവ മാലിന്യങ്ങൾ കയറ്റി അയക്കുവാനായി സംഭരിച്ചു സൂക്ഷിക്കുന്ന എം.സി.എഫുകൾക്ക് സമീപത്തുമായി വീടുകളിലെയും സ്ഥാപനങ്ങളിലെയും മൊത്തം മാലിന്യങ്ങൾ ചാക്കിൽ കെട്ടി കൊണ്ടിടുന്നത് പതിവായതോടെയാണ് നടപടി കർശനമാക്കാൻ നഗരസഭ തീരുമാനിച്ചത്. ഇത്തരത്തിൽ മാലിന്യങ്ങൾ പൊതുയിടങ്ങളിൽ നിക്ഷേപിക്കുന്നവരിൽ സമൂഹത്തിൽ ഉന്നത നിലയിൽ കഴിയുന്നവർ പോലുമുണ്ടെന്നാണ് നഗരസഭാ ഉദ്യോഗസ്ഥർ പറയുന്നത്. ഇത്തരത്തിൽ മാലിന്യങ്ങൾ നിഷേപിക്കുന്നവർക്കെതിരെ ഭീമമായ പിഴ ചുമത്തിയും തള്ളിയവരെക്കൊണ്ട് അത് വൃത്തിയാക്കിച്ചും, മാലിന്യം തള്ളുന്നവരുടെ പേര് വെളിപ്പെടുത്തിയും ഉള്ള നടപടികളിലേക്ക് കടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാലിന്യക്കൂമ്പാരത്തിൻ്റെ ഫോട്ടോ സഹിതം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് ഇപ്രകാരമാണ്.
വളാഞ്ചേരി ഓണിയിൽപ്പാലത്തിൽ നിന്നുള്ള ചിത്രങ്ങളാണിത്.
വൃത്തിയാക്കുന്നതിന് മുമ്പും ശേഷവുമുള്ളവ.
ഈ മാലിന്യങ്ങൾ ഇവിടെ കൊണ്ട് വന്നു തള്ളിയവരിൽ ചിലരെയൊക്കെ കണ്ടെത്തിയിട്ടുണ്ട്.
സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങൾ വഹിക്കുന്നവരും മറ്റുള്ളവർക്ക് മാതൃകയാവേണ്ടവരും അക്കൂട്ടത്തിൽ ഉണ്ട്‌ എന്നത് ലജ്ജാകരമാണ്.
ഈ മാലിന്യക്കെട്ടുകൾ ഇവിടെ കൊണ്ടുതള്ളുന്നവർ ആലോചിക്കുക: ഇത് വൃത്തിയാക്കുന്നവരും എടുത്ത് കൊണ്ടു പോകുന്നവരും നിങ്ങളെപ്പോലുള്ള മനുഷ്യരാണ്.
പകർച്ചവ്യാധി രോഗങ്ങൾ പടർന്നു പിടിക്കാൻ ഏറെ സാധ്യതയുള്ള ജോലിയാണ് ആ മനുഷ്യർ ചെയ്യുന്നത്.
ദയവായി ഇനിയും ഈ വൃത്തികേട് ആരും ചെയ്യാതിരിക്കുക.
അവനവൻ ഉദ്പ്പാദിപ്പിക്കുന്ന മാലിന്യം അവനവൻ തന്നെയാണ് ചുമക്കേണ്ടത്. അത് മറ്റുള്ളവരെക്കൊണ്ട് ചുമപ്പിക്കുക എന്നത് അങ്ങേയറ്റം അശ്ലീലമാണ്.
രാത്രിയുടെ മറവിൽ വഴിയോരങ്ങളിലും മറ്റും മാലിന്യക്കെട്ടുകൾ തള്ളുന്നവർക്കെതിരെ കർശനമായ നടപടികളുമായി നഗരസഭ മുന്നോട്ടു പോകും.
ഭീമമായ പിഴ ചുമത്തിയും, തള്ളിയവരെക്കൊണ്ട് തന്നെ വൃത്തിയാക്കിച്ചും, മാലിന്യം തള്ളിയവരുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തിയും തന്നെയാവും നഗരസഭയുടെ തുടർനടപടികൾ.
നമ്മുടെ നാടിന്റെ വിശുദ്ധിയും വൃത്തിയും കാത്തു സൂക്ഷിക്കേണ്ടത് നാം തന്നെയാണ്.
നാടിന്റെ ആരോഗ്യത്തിന് മാലിന്യ മുക്തമായ അന്തരീക്ഷം അനിവാര്യമാണ്.
അത് സാധ്യമാക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്.
എല്ലാവരുടെയും സഹകരണം ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.

ചെയർമാൻ
വളാഞ്ചേരി നഗരസഭ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!