വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി മൂർക്കനാട് എ എം എൽ പി സ്കൂളിലെ അധ്യാപക ദിനാഘോഷം
മൂർക്കനാട്: കുരുന്നു മനസ്സുകളിൽ അധ്യാപകരെയും അധ്യാപനത്തെയും കുറിച്ചുള്ള മൂല്യവത്തായ ചിന്തകളുറപ്പിച്ചു വൈവിധ്യമാർന്ന പരിപാടികളോടെ മൂർക്കനാട് എ എം എൽ പി സ്കൂളിൽ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷം ശ്രദ്ധേയമായി മാറി. രാവിലെ മുതൽ തന്നെ വിവിധ വിദ്യാർഥികൾ അധ്യാപകർക്ക് സ്വന്തമായി നിർമ്മിച്ചതും അല്ലാത്തതുമായ ഉപഹാരങ്ങൾ കൈമാറുകയും ആശംസകൾ അർപ്പിക്കുകയും ചെയ്താണ് അധ്യാപക ദിനാഘോഷ പരിപാടികൾ ആരംഭിച്ചത്.
അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ നാലാം ക്ലാസ് വിദ്യാർഥികൾ അധ്യാപകരുടെ വേഷത്തിൽ എത്തിയത് വിദ്യാർത്ഥികളിൽ കൗതുകം ജനിപ്പിച്ചു. ഹെഡ്മാസ്റ്റർ അബ്ദുറഹിമാൻ മാസ്റ്റർ വിദ്യാർത്ഥികളോട് അധ്യാപക ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും നൽകുകയും ഡോക്ടർ എസ് രാധാകൃഷ്ണനെ സ്മരിക്കുകയും ചെയ്തു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ് സ്കൂളിലെ അഞ്ചു അധ്യാപകർ എന്നും മൂന്നു അധ്യാപകരെ പഠിപ്പിച്ച അധ്യാപകർക്കൊപ്പമാണ് അവരിന്നു സ്കൂളിൽ അധ്യാപകരായി പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചതു കരഘോഷത്തോടെയാണ് വിദ്യാർഥികൾ ശ്രവിച്ചത്.
തുടർന്ന് വിദ്യാലയത്തിലെ അധ്യാപകർ ഓരോരുത്തരായി വിദ്യാർത്ഥികൾക്ക് അധ്യാപക ദിന സന്ദേശം നൽകി സംസാരിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ടു ജയന്തി ടീച്ചർ പാടിക്കൊടുത്ത പാട്ട് വിദ്യാർഥികൾ എറ്റു ചൊല്ലിയത് അക്ഷരാർത്ഥത്തിൽ സ്കൂൾ അങ്കണത്തിൽ ഉത്സവാന്തരീക്ഷമൊരുക്കി. അധ്യാപകരെ ആദരിക്കലും ഉപഹാരം കൈമാറലും നടന്ന അസംബ്ലിക്ക് ശേഷം സ്കൂളിലെ പത്തു ക്ലാസ്സുകളിലേക്കും നാലാം ക്ലാസിലെ പത്തു വിദ്യാർഥികൾ അദ്ധ്യാപകരായെത്തി.
പാട്ടുകൾ പാടിക്കൊടുത്തും ക്ലാസ്സെടുത്തും നാലാം ക്ലാസ്സിലെ കുട്ടി അധ്യാപകർ കുട്ടികളെ കയ്യിലെടുത്തപ്പോൾ വിദ്യാർഥികൾ അനുസരണയോടെയും കൗതുകത്തോടയും അവരുടെ ക്ലാസ് ആസ്വദിച്ചത് നവ്യാനുഭവമായി മാറി. വൈവിധ്യമാർന്ന പരിപാടികളോടൊപ്പം അധ്യാപകരുടെ വകയായി ഉച്ചഭക്ഷണത്തിനു ചിക്കൻ കറി നൽകിയാണ് അധ്യാപകർ ഈ അധ്യാപകദിനം വിദ്യാർത്ഥികൾക്ക് അവിസ്മരണീയമാക്കിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here