രാജി ആവശ്യം പഞ്ചായത്ത് പ്രസിഡന്റ് തള്ളി; കുറ്റിപ്പുറത്ത് പ്രതിസന്ധി
കുറ്റിപ്പുറം: പ്രസിഡന്റ് പദവിയില്‍നിന്ന് വസീമ വേളേരി രാജിവയ്ക്കണമെന്ന് കുറ്റിപ്പുറം പഞ്ചായത്ത് ലീഗ് കമ്മിറ്റിയുടെ ആവശ്യം പഞ്ചായത്ത് പ്രസിഡന്റ് തള്ളിയതോടെ പ്രതിസന്ധി രൂക്ഷം. ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ് പദവിയില്‍ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞാല്‍ മാത്രമേ രാജി വയ്ക്കുകയുള്ളൂവെന്നുമുള്ള നിലപാടില്‍ വസീമ ഉറച്ചുനിന്നതാണ് പഞ്ചായത്ത് ലീഗ് കമ്മിറ്റിയെ വെട്ടിലാക്കിയത്. ആറാം വാര്‍ഡ് മെമ്പര്‍ സി ടി ഷമിനയെ പ്രസിഡന്റ് ആക്കണമെന്ന കര്‍ശന നിലപാടിലാണ് ലീഗ് കമ്മിറ്റിയിലെ ഭൂരിപക്ഷവും.
അതേസമയം, ലീഗിന്റെ ഒമ്പത് പഞ്ചായത്ത് മെമ്പര്‍മാരില്‍ ആറുപേര്‍ വസിമ തുടരണം എന്ന നിലപാടിലുമാണ്. ഇതാണ് കുറ്റിപ്പുറത്തെ ലീഗില്‍ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. മണ്ഡലം മുസ്ളിംലീഗ് കമ്മിറ്റിയും വസീമ തുടരണം എന്ന നിലപാട് സ്വീകരിച്ചതോടെ പ്രശ്നം സങ്കീര്‍ണമായിരിക്കയാണ്. ലീഗ് സംസ്ഥാന-ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കെഎംസിസി നേതാക്കളും നിലവിലുള്ള പ്രസിഡന്റിനെ അനുകൂലിച്ച് സമ്മര്‍ദം ശക്തമാക്കിയതോടെ ലീഗ് നേതൃത്വം അക്ഷരാര്‍ഥത്തില്‍ കുഴങ്ങിയിരിക്കയാണ്. പഞ്ചായത്ത് ലീഗ് സെക്രട്ടറിയും സഹകരണ ബാങ്ക് പ്രസിഡന്റും പഞ്ചായത്ത് മെമ്പറുമായ പി പി സിദ്ദിഖ് സംസ്ഥാന ലീഗ് കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മൂന്ന് പദവികള്‍ വഹിക്കുന്നതിനെതിരെ കെഎംസിസി വിഭാഗം നല്‍കിയ പരാതിയില്‍ നേതൃത്വം നടപടി എടുക്കാത്തതും അണികളില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നേതൃത്വം നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ 14 വാര്‍ഡ് ലീഗ് കമ്മിറ്റികള്‍ രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായും ഒരു വിഭാഗം പറയുന്നുണ്ട്. ഏതായാലും നിലവിലെ പ്രസിഡന്റ് രാജി വച്ചാലും തുടര്‍ന്നാലും കുറ്റിപ്പുറത്തെ ലീഗിലെ പ്രതിസന്ധി മുറുകുമെന്ന് ഉറപ്പായിരിക്കയാണ്.
Content highlihts: Vaseema Veleri IUML kuttippuram panchayath president step down deny
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here