വളാഞ്ചേരി വട്ടപ്പാറയിൽ മദ്യലഹരിയിൽ കൊച്ചു കുട്ടിയുമായി യുവാവ് ഓടിച്ച കാർ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ പ്രധാന അപകടമേഖലയായ വട്ടപ്പാറയിൽ മദ്യലഹരിയിലായ യുവാവ് ഓടിച്ച കാർ ഓട്ടോയിലിടിച്ചു. അപകടത്തിൽ ഓട്ടോ യാത്രക്കാരായ 2 പേർക്ക് പരിക്ക്. ആതവനാട് പൂളമംഗലം സ്വദേശികളായ മോയോട്ടിൽ റഫീഖ് (45), മുട്ടിക്കാട്ടിൽ ഹബീബ (40) എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് 9 മണിയോടെയായിരുന്നു അപകടം. വളാഞ്ചേരി ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോവുകായിരുന്ന കാറും വെട്ടിച്ചിറയിൽ നിന്ന് വളാഞ്ചേരിയിലേക്ക് വരികയായിരുന്ന ഓട്ടോയും തമ്മിൽ വട്ടപ്പാറ എസ്.എൻ.ഡി.പി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിയുകയായിരുന്നു.
അപകടം നടന്നയുടൻ കാർ ഡ്രൈവർ തന്റെ വാഹനം ദേശീയപാതയുടെ നടുവിൽ നിറുത്തി ചാവി ഊരി 4 വയസ്സുകാരനായ മകനെയും എടുത്ത് ഇറങ്ങി പോയി. മദ്യലഹരിയിലായിരുന്ന ഇയാളെയും കൂടെയുണ്ടായിരുന്ന കൂട്ടിയെയും സഹയാത്രികനെയും ഹൈവേ പോലീസും വളാഞ്ചേരി പോലീസും ചേർന്ന് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ മദ്യ ലഹരിയിലയിരുന്ന ഡ്രൈവറും സഹയാത്രികനും പോലീസിനോട് തട്ടികയറുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത കാർ ഡ്രൈവർ മഞ്ചേരി സ്വദേശി ഹബീബിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here