ചെല്ലൂർ പറക്കുന്നത് ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം സമാപിച്ചു
കുറ്റിപ്പുറം: ചെല്ലൂർ ശ്രീ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 6, 7 തിയ്യതികളിൽ നടന്ന വേല മഹോത്സവത്തിന് ഇന്ന് പുലർച്ചെ ക്ഷേത്രനട ആചാരം ചൊല്ലി അടച്ചതോടെ പരിസമാപ്തി കുറിച്ചു. ഇന്നലെ കാലത്തു വിശേഷാൽ പൂജക്കു ശേഷം വൈകണ്ണൂർ വിജയൻ ആന്റ് പാർട്ടിയുടെ പാണ്ടിമേളവും, ഉച്ചക്ക് ഇള ഭഗവതി ആട്ടം, വൈകുന്നേരം മേൽ കോയ്മമാരുടെ വീട്ടിൽചെന്ന് ആട്ടു ചോപ്പൻ അരിയേറു നടത്തി തിരിച്ചു ക്ഷേത്രത്തിലെത്തിയതോടെ ദേശ തിറയും പൂതനും എഴുന്നളളിപ്പിനു പിറകെ ക്ഷേത്രത്തിലെത്തി. തുടർന്ന് കൊളപ്പുറം തറവാട് കരിങ്കാളിക്കൂട്ടവും, പൂഴിക്കുന്നത്തു നിന്നുള്ള കാളയും കരിങ്കാളിയും, ക്ഷേത്രത്തിലെത്തി.
തുടർന്ന് ദേശത്തിന്റെ വിവിധ വരവു കമ്മിറ്റികളുടെ നേതൃത്വത്തിൽ താളമേള പരമ്പരാഗത വേഷങ്ങളും, ദീപാലംകൃത കാളകളും, ബാന്റുവാദ്യങ്ങളും, ശിങ്കാരിമേളങ്ങളും, വയലിൻ ഫ്യൂഷനുകളും, വിളക്കാട്ടവും, അരങ്ങു തകർത്തു. ദേവീ സേവ സമിതി ഉത്സവ ദിവസങ്ങളിൽ ഭക്തർക്ക് മുന്നു നേരവും ഭക്ഷണം വിതരണം നടത്തി. പ്രധാന ഉത്സവ ദിവസം വൈകീട്ട് 7.30 നു തുടങ്ങിയ അന്നദാനം രാത്രി 2 മണി വരെ നീണ്ടു. തുടർന്ന് രാത്രി ദേവീ സേവാ സമിതി സ്പോൺസർ ചെയ്ത തിരുവനന്തപുരം ഭരത ക്ഷേത്ര യുടെ “ഉലകുടയ പെരുമാൾ” എന്ന സംഗീത നൃത്തനാടകവും ഉണ്ടായിരുന്നു. കാലത്ത് 5 മണിയോടെ കാളവേലയും കഴിഞ്ഞ് 6.30 ഓടെ വടക്കും വാതിലിൽ ഗുരുതി തർപ്പണവും കഴിച്ച് ക്ഷേത്രനടയടച്ചു. ഇനിയുള്ള ഏഴു ദിവസം ക്ഷേത്രത്തിൽ ആരാധനകളോ, വഴിപാടുകളോ ക്ഷേത്രത്തിലില്ല. വരുന്ന 14ന് വെളളിയാഴ്ച കാലത്ത് 9 മണിയോടെ ക്ഷേത്ര നട തുറക്കും. അന്നു ഉച്ചതിരിഞ്ഞ് 3 മണിയോടെ “നാട്ടു ഗുരുതി വേലയും” മദിരശ്ശേരി സബീഷിന്റെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here