കഥകളി ആചാര്യൻ കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയർ അന്തരിച്ചു
മലപ്പുറം: കഥകളി ആചാര്യനും നടനുമായ കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയർ (74) അന്തരിച്ചു. ഏറെക്കാലം കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിന്റെ പ്രധാന ഗുരുവായിരുന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശിയായ അദ്ദേഹം വർഷങ്ങളായി കോട്ടയ്ക്കലിലായിരുന്നു താമസം.
ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായി എണ്ണമറ്റ കളിയരങ്ങുകളിൽ വൈവിധ്യമാർന്ന വേഷങ്ങൾക്ക് ഭാവപ്പകർച്ച നൽകിയ മഹാനടനാണ് ചന്ദ്രശേഖര വാരിയർ. സി.എ. വാരിയർ രചന നടത്തിയ ‘അയ്യപ്പചരിതം’, മാധവിക്കുട്ടി കെ. വാരിയരുടെ ‘കുമാരസംഭവം’, ‘വിശ്വാമിത്രൻ’ തുടങ്ങിയ കഥകളുടെ രംഗാവിഷ്‌കാരത്തിൽ ചന്ദ്രശേഖര വാരിയർ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. ‘സത്യവാൻ സാവിത്രി’, ‘കർണചരിതം’, ‘ശ്രീഗുരുവായൂരപ്പൻ’, ‘ഹരിശ്‌ചന്ദ്ര ചരിതം’ എന്നീ കഥകൾ നാട്യസംഘം ചിട്ടപ്പെടുത്തിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
വാഴേങ്കട കുഞ്ചുനായർ സ്‌മാരക അവാർഡ്, കെ.എൻ. പിഷാരടി സ്‌മാരക അവാർഡ്, തുളസീവനം പുരസ്‌കാരം, രേവതി പട്ടത്താനം പുരസ്‌കാരം, ആർ. രാമചന്ദ്രൻ നായർ സ്‌മാരക അവാർഡ്, ആര്യാ സർക്കിൾ അവാർഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here