15 കിലോ കഞ്ചാവുമായി വെട്ടിച്ചിറ സ്വദേശി അങ്ങാടിപ്പുറത്ത് പിടിയിൽ
അങ്ങാടിപ്പുറം:ചെറുകിടക്കാർക്ക് വിൽപനക്കായി കൊണ്ടുവന്ന 15.2 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പെരിന്തൽമണ്ണയിൽ അറസ്റ്റിൽ. കാടമ്പുഴ വെട്ടിച്ചിറ വട്ടപ്പറമ്പ് സ്വദേശി കോലോത്ത്പറമ്പിൽ ഹാരിസ്(41) നെയാണ് ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ സി.ഐ. വി. ബാബുരാജ്, എസ്.ഐ. മഞ്ജിത്ത് ലാൽ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
രഹസ്യവിവരത്തെത്തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് അങ്ങാടിപ്പുറം മേൽപ്പാലത്തിന് അടിയിൽവെച്ചാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. ബാഗിൽ പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പെരിന്തൽമണ്ണ, മലപ്പുറം ഭാഗങ്ങളിലെ ചെറുകിട വിൽപ്പനക്കാർക്ക് കൈമാറാനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.
തിരൂർ, വൈലത്തൂർ ഭാഗങ്ങളിലെ ഏജന്റുമാർ മുഖേന തമിഴ്‌നാട്ടിൽനിന്ന് കിലോയ്ക്ക് 12,000 രൂപ നിരക്കിലാണ് കഞ്ചാവ് വാങ്ങിയതെന്നും ഇരട്ടിയിലധികം വിലയ്ക്കാണിത് ചെറുകിടക്കാർക്ക് നൽകുന്നതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. 2015-ൽ പെരിന്തൽമണ്ണ ബിവറേജസ് ഷോപ്പിലെ മോഷണത്തിലും ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, കോങ്ങാട് ഭാഗങ്ങളിലെ ജൂവലറി മോഷണങ്ങളും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയെ മുൻപ് അറസ്റ്റുചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങി.
ഇതിനുശേഷം മീൻകച്ചവടം നടത്തിവരുന്നതിനിടെ കൂടുതൽ പണത്തിന് ആവശ്യം വന്നതോടെയാണ് കഞ്ചാവ് കച്ചവടത്തിനിറങ്ങിയതെന്ന് പ്രതി പറഞ്ഞതായും പോലീസ് അറിയിച്ചു. ഹാരിസിന് കഞ്ചാവ് കൈമാറിയ തിരൂർ, വൈലത്തൂർ, വെട്ടിച്ചിറ ഭാഗങ്ങളിലെ ഏജന്റുമാരെക്കുറിച്ച് സൂചന ലഭിച്ചതായും ഡിവൈ.എസ്.പി. അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here