ഇന്ന് വിജയദശമി; വിദ്യാരംഭത്തിന് ഒരുങ്ങി തുഞ്ചന്റെ മണ്ണ്
തിരൂർ: വിജയദശമി നാളില്‍ അറിവിന്റെ ആദ്യാക്ഷരം നുകരാൻ മലയാള ഭാഷാപിതാവിന്റെ മണ്ണിൽ ആയിരക്കണക്കിന് കുരുന്നുകളെത്തിതുടങ്ങി. പുലർച്ചെ അഞ്ചുമുതൽ തുഞ്ചൻപറമ്പിൽ കുട്ടികളുടെ എഴുത്തിനിരുത്തൽ ആരംഭിച്ചു. കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശ്ശാൻമാരായ വഴുതക്കാട് മുരളീധരൻ, പ്രദേഷ് പണിക്കർ, പി.സി സത്യനാരായണൻ എന്നിവരും സരസ്വതി മണ്ഡപത്തിൽ സാഹിത്യകാരന്മാരായ ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ ഗോപി, പൂനൂർ കെ കരുണാകരൻ, കാനേഷ് പൂനൂർ, കെ.എസ് വെങ്കിടാചലം, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. കെ ശ്രീകുമാർ, കടങ്ങോട് പ്രഭാകരൻ, പി ആർ നാഥൻ, ആനന്ദ് കാവാലം, ഡോ. രാധാമണി അയിങ്കലത്ത്, ഡോ. പി ഉഷ, ഡോ. രജനി സുബോധ്, കെ.എക്സ് ആന്റോ, കെ പി സുധീര, ഡോ. പി കെ രാധാമണി, ഐസക് ഈപ്പൻ, മണമ്പൂർ രാജൻബാബു, ഗിരിജ പി പാതേക്കര എന്നിവരും കുട്ടികളെ ഹരിശ്രീ കുറിപ്പിക്കുന്നു. വിദ്യാരംഭം കുറിക്കുന്നവർക്ക് പ്രമാണ പത്രികയും അക്ഷര കാർഡും നൽകുന്നുണ്ട്. തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ കവികളുടെ വിദ്യാരംഭം ഇതിനുശേഷമാണ്. പ്രശസ്തരും എഴുതി തുടങ്ങുന്നവരുമായ കവികൾ തങ്ങളുടെ പുതിയ കവിതകൾ അവതരിപ്പിക്കും.
പകൽ മൂന്നിന് തിരൂർ ഫ്രെയിം ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന, സുദേവൻ സംവിധാനംചെയ്‌ത അകത്തോ പുറത്തോ ചലച്ചിത്ര പ്രദർശനവും വൈകിട്ട് ആറിന് തിരൂർ രാഗമാലിക സ്‌കൂൾ ഓഫ് മ്യൂസിക്കിന്റെ നാരായണ തീർഥതരംഗവും നടക്കും. രാത്രി ഏഴിന് തിരൂർ കലാശ്രീ നൃത്ത വിദ്യാലയത്തിന്റെ നൃത്ത നിശയോടെ വിദ്യാരംഭ കലോത്സവത്തിന് തിരശ്ശീല വീഴും.
കലോത്സവത്തിൽ ഞായറാഴ്ച സുരേഷ് നാരായണൻ സംവിധാനംചെയ്ത ഇരട്ട ജീവിതം ചലച്ചിത്രം പ്രദർശിപ്പിച്ചു. മുംബൈ ദിവ്യാ വിഷ്ണുവിന്റെ മോഹിനിയാട്ടവും തിരൂർ ലളിതകലാ സമിതിയുടെ നേതൃത്വത്തിൽ ഈണലാസ്യലയവും അരങ്ങേറി.
ഇന്നത്തെ മറ്റ് പരിപാടികൾ:
വൈകിട്ട് നാല്: സുസ്മേഷ് ചന്ത്രോത്ത് സംവിധാനംചെയ്ത പത്മിനി ചലച്ചിത്ര പ്രദർശനം. ആറ്: തൃക്കണ്ടിയൂർ മഹിളാസമാജത്തിന്റെ നൃത്തം. 6.30: തിരൂർ സംസ്കാര കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഗസൽ ഗായകൻ ഷബീറിന്റെ ഗസൽ സന്ധ്യ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here