കോട്ടയ്ക്കൽ നഗരസഭയിൽ വിജിലൻസ് പരിശോധന
കോട്ടയ്ക്കൽ : മലപ്പുറത്തെ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ഉദ്യോഗസ്ഥർ കോട്ടയ്ക്കൽ നഗരസഭയിൽ രണ്ടുദിവസങ്ങളിലായി പരിശോധന നടത്തി. പാലത്തറയിലെ വിവാദഭൂമിയിലെ നിർമാണവുമായി ബന്ധപ്പെട്ടുയർന്ന പരാതിയിൻമേൽ രേഖകൾ പരിശോധിക്കാനാണ് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ സി.ഐ എം. ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി രേഖകളുടെ പരിശോധന മാത്രമാണ് നടന്നതെന്ന് സംഘം അറിയിച്ചു.
വിവാദഭൂമിയിൽ നിർമാണം നടത്തിയത് കോടതിവിധി ലംഘിച്ചാണെന്നാരോപിച്ച് സി.പി.എം. ലോക്കൽകമ്മിറ്റി പരാതിനൽകിയിരുന്നു. ചിൽഡ്രൻസ് പാർക്ക് ഉൾപ്പെടെയുള്ള നിർമാണങ്ങളിൽ അഴിമതിയും സി.പി.എം. ആരോപിച്ചിരുന്നു. മുൻ നഗരസഭാ ഭരണസമിതിയുടെ കാലത്താണ് നിർമാണപ്രവർത്തനങ്ങൾ നടന്നത്.
നഗരസഭ പഞ്ചായത്തായിരുന്നപ്പോൾ ഭവനനിർമാണപദ്ധതിക്കായി വാങ്ങിയ സ്ഥലമായിരുന്നു പാലത്തറയിലേത്. ഇത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരേ സി.പി.എം. രംഗത്തുവന്നിരുന്നു. ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ച ഭവനരഹിതരാണ് സ്ഥലം ഇതേ ആവശ്യത്തിനായി ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലം മറ്റാവശ്യങ്ങൾക്കുപയോഗിക്കുന്നത് ഹൈക്കോടതി വിലക്കുകയും ചെയ്തിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here