വടക്കുംപുറം മാങ്ങുന്നിൽ തോട്ടിൽ വികാസ് ക്ലബ്ബ് പ്രവർത്തകരും ഫ്രണ്ട്‌സ് സ്കൂൾപ്പടി വാട്‌സാപ്പ് കൂട്ടായ്മയും ചേർന്ന് തടയണ നിർമിച്ചു
എടയൂർ : ലോക്ഡൗൺ ദിനത്തിൽ കരേക്കാട് വടക്കുംപുറം ഗ്രാമത്തിലെ വികാസ് ക്ലബ്ബിന്റെ പ്രവർത്തകർ വെറുതെയിരുന്നില്ല. എടയൂർ ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിൽ വടക്കുംപുറം എ.യു.പി. സ്കൂളിന് സമീപത്തുകൂടി ഒഴുകുന്ന മാങ്ങുന്നിൽ തോട്ടിൽ തടയണ നിർമിക്കാനാണ് ഞായറാഴ്ചത്തെ പകൽ അവർ ഉപയോഗപ്പെടുത്തിയത്.
സ്കൂൾ മുതൽ പഴയപള്ളി വരെയുള്ള മേഖലയിലെ കുടിവെള്ളക്ഷാമത്തിന് തടയണ സഹായകമാകുമെന്ന് സേവനപ്രവർത്തനത്തിനു മുന്നിൽ നിന്ന ചെറുപ്പക്കാർ പറഞ്ഞു. കുളിക്കാനും അലക്കാനും കുട്ടികൾക്ക് നീന്തൽ പഠിക്കാനും തടയണ ഉപകാരപ്പെടും. ഫ്രണ്ട്‌സ് സ്കൂൾപ്പടി വാട്‌സാപ്പ് കൂട്ടായ്മയും വികാസിന്റെ പ്രവർത്തകർക്കൊപ്പം സഹായത്തിനുണ്ടായി.
വികാസ് ക്ലബ്ബ് എക്സിക്യുട്ടീവ് അംഗവും വാർഡ് മെമ്പറുമായ മുഹമ്മദ് റഫീഖ് തടയണ നിർമാണം ഉദ്ഘാടനംചെയ്തു. വി.പി. മുഹമ്മദ്, വി.പി. അലി അക്ബർ, വി.പി. മാനുഹാജി, സി.കെ. അബ്ദുറഹീം, ക്ലബ്ബ് സെക്രട്ടറി ഡോ. മുഹമ്മദ് ഷെരീഫ്, പ്രവർത്തകരായ വി.പി. മമ്മദു, എ.കെ. സമദ്, പി.കെ. സൈനുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here