‘തൊപ്പി’യെ അറസ്റ്റ് ചെയ്തു; ജാമ്യത്തിൽ വിട്ടു
വളാഞ്ചേരി : തൊപ്പിയെന്നറിയപ്പെടുന്ന യൂട്യൂബർ കണ്ണൂർ കല്യാശ്ശേരി മങ്ങാട് ‘മഫസ്’ വീട്ടിൽ നിഹാദി(24)നെ വളാഞ്ചേരി പോലീസ് കൊച്ചിയിൽനിന്ന് അറസ്റ്റുചെയ്തു. രണ്ട് സുഹൃത്തുക്കൾക്കൊപ്പം എറണാകുളം എടത്തല കഴുവേലിപ്പടിയിലെ വീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെയാണ് വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം തൊപ്പിയെ അറസ്റ്റുചെയ്തത്. വളാഞ്ചേരിയിലെത്തിച്ച തൊപ്പിയെ പിന്നീട് സ്റ്റേഷൻജാമ്യത്തിൽ വിട്ടു.
വാതിൽ തുറക്കാനാവശ്യപ്പെട്ട് ഏറെനേരം മുറിയുടെ മുൻപിൽ കാത്തുനിൽക്കേണ്ടിവന്ന പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ചാണ് തൊപ്പിയെ അറസ്റ്റുചെയ്തത്. വാതിൽ തുറക്കാത്തത് തെളിവുകൾ നശിപ്പിക്കാനാണെന്ന സംശയത്തെത്തുടർന്നാണ് ബലമായി തുറക്കേണ്ടിവന്നതെന്നും പോലീസ് പറഞ്ഞു. പോലീസിന്‍റെ ഈ നടപടിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ വിമർശനങ്ങൾ വന്നിരുന്നു. എ.എസ്.ഐ. ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയപ്രകാശ്, വിനീത്, രഞ്ജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലാപ്‌ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ, മൈക്ക് തുടങ്ങിയവ മുറിയിൽനിന്ന് കസ്റ്റഡിയിലെടുത്തു.
17-ന് ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് തൊപ്പി വളാഞ്ചേരിയിലെത്തിയത്. തൊപ്പിയെ കാണാൻ കൗമാരക്കാരായ കുട്ടികൾ കൂട്ടമായെത്തിയതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. പൊതുവേദിയിൽനിന്ന് അറപ്പുളവാക്കുന്ന തെറിപ്പാട്ടുകൾ തൊപ്പി പാടിയതായും ആക്ഷേപം ഉയർന്നു. ജീവകാരുണ്യ പ്രവർത്തകൻ സെയിഫുദ്ദീൻ പാടത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നടപടികൾ വിലയിരുത്താനായി തിരൂർ ഡിവൈ.എസ്.പി. ബിജുവും സ്റ്റേഷനിൽ എത്തിയിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here