HomeNewsPublic Issueപകർച്ചവ്യാധികൾ പടർന്നുപിടിച്ച അനുഭവമുണ്ടായിട്ടും മാലിന്യ സംസ്കരണത്തോട് കുറ്റിപ്പുറത്തെ അധികൃതർ മുഖം തിരിക്കുന്നു

പകർച്ചവ്യാധികൾ പടർന്നുപിടിച്ച അനുഭവമുണ്ടായിട്ടും മാലിന്യ സംസ്കരണത്തോട് കുറ്റിപ്പുറത്തെ അധികൃതർ മുഖം തിരിക്കുന്നു

kuttippuram-waste

പകർച്ചവ്യാധികൾ പടർന്നുപിടിച്ച അനുഭവമുണ്ടായിട്ടും മാലിന്യ സംസ്കരണത്തോട് കുറ്റിപ്പുറത്തെ അധികൃതർ മുഖം തിരിക്കുന്നു

കുറ്റിപ്പുറം: മാലിന്യനിർമാർജനം നടപ്പായില്ല,കുറ്റിപ്പുറത്തെ വഴിയരികിൽ മാലിന്യക്കൂമ്പാരം. കോളറ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിച്ച അനുഭവമുണ്ടായിട്ടും മാലിന്യ സംസ്കരണത്തോട് കുറ്റിപ്പുറത്തെ അധികൃതർ മുഖം തിരിക്കുന്നു. വഴിയരികിൽ ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം ഇവിടുത്തെ പതിവ് കാഴ്ചയാവുകയാണ്. രോഗഭീതി പരത്തി വൺവേ റോഡരികിലാണ് മാലിന്യം കുമിഞ്ഞുകൂടിയിരിക്കുന്നത്. മഴപെയ്തതോടെ ചീഞ്ഞളിഞ്ഞ മാലിന്യത്തിൽനിന്നുള്ള മലിനജലം റോഡിലേയ്ക്കൊഴുകുകയാണ്. ഇതിൽചവിട്ടിയാണ് കാൽനടക്കാർ വഴിനടക്കുന്നത്.
കടകളിൽനിന്നും മറ്റുമുള്ള മാലിന്യങ്ങൾ ഇവിടെ തള്ളുന്നതായി ആക്ഷേപമുണ്ട്. പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് മാലിന്യങ്ങൾ ഇവിടെക്കൊണ്ടുവന്നിടുന്നത്. മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം സഹിച്ചാണ് ആളുകളുടെ ഇതുവഴിയുള്ളയാത്ര. സമീപത്തെ കച്ചവടസ്ഥാപനങ്ങളിലുള്ളവരും ദുർഗന്ധംമൂലം ബുദ്ധിമുട്ടുന്നുണ്ട്.
kuttippuram-waste
ഓടകളിലെ മലിനജലത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും മാലിന്യ നിർമാർജനത്തിന് അധികൃതർ പരിഗണന നൽകുന്നില്ലെന്നതിന്റെ തെളിവാണ് കുമിഞ്ഞ് കൂടിക്കിടക്കുന്ന ഇവിടുത്തെ മാലിന്യക്കാഴ്ചകൾ.പഞ്ചായത്തിന്റെ നടപടി വൈകുന്നതുകണ്ട് വ്യാപാരികളുടെ നേതൃത്വത്തിൽ കഴിഞ്ഞമാസം ടൗണിലെ പ്രധാന റോഡും പരിസരവും ശുചീകരിച്ചു. മഴയ്ക്ക് മുൻപ് ടൗണിലെ കാനകൾ ശുചീകരിക്കണമെന്ന് വ്യാപാരികൾ പഞ്ചായത്ത് ഭരണസമിതിയോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. കോളറയും അതിസാരവും പലതവണ മുട്ടിവിളിച്ചിട്ടും കുറ്റിപ്പുറം പഞ്ചായത്ത് ശുചീകരണത്തിൽ ജാഗ്രത കാട്ടുന്നില്ല. മഴക്കാലം ആരംഭിക്കുന്നതിന് മുൻപായി ശുചീകരണ ജോലികൾ പൂർത്തീകരിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾക്കും എല്ലാവർഷവും കുറ്റിപ്പുറം പഞ്ചായത്ത് പുല്ലുവിലയാണ് കൽപിക്കുന്നത്.
വൃത്തിയില്ലായ്മയുടെ കാര്യത്തിൽ സംസ്ഥാനത്തുതന്നെ ഒന്നാമതെത്തിയ പഞ്ചായത്താണ് കുറ്റിപ്പുറം. കാരണം വൃത്തിയില്ലായ്മയിൽനിന്ന് ഉണ്ടാകുന്ന വിബ്രിയോ കോളറ ബാക്ടീരിയകളെ സംസ്ഥാനത്ത് വീണ്ടും കണ്ടെത്തിയത് കുറ്റിപ്പുറത്താണ്. ബാക്ടീരിയകളുടെ ഉദ്ഭവസ്ഥാനം ടൗണിലെ അഴുക്കുചാലായിരുന്നു. മഴ ശക്തിപ്പെട്ടാൽ നഗരത്തിലെ അഴുക്കുചാലുകളെല്ലാം നിറഞ്ഞുകവിയും. കെട്ടിക്കിടക്കുന്ന കുഴമ്പുരൂപത്തിലുള്ള മലിനജലം പുറത്തേക്ക് പരന്നൊഴുകും. ഇത്തരത്തിൽ പുറത്തേക്ക് ഒഴുകിയ മലിനജലത്തിലെ ബാക്ടീരിയകളാണ് രണ്ടു വർഷം മുൻപ് നാലുപേരുടെ ജീവനെടുത്തത്.
നഗരത്തിൽനിന്ന് അമാന ആശുപത്രിക്ക് പിന്നിലൂടെ ഭാരതപ്പുഴയിലേക്ക് പോകുന്ന പ്രധാന അഴുക്കുചാലിലെ വെള്ളത്തിന് പലപ്പോഴും കറുപ്പുനിറമാണ്. ഒഴുകിപ്പോകുന്ന വെള്ളം മലിനമാണെന്ന് വ്യക്തം. മുൻവർഷങ്ങളിൽ ആരോഗ്യവകുപ്പും പഞ്ചായത്തും പുറത്തിറക്കിയ നിർദേശങ്ങൾ കാറ്റിൽപറത്തി ടൗണിലെ പല സ്ഥാപനങ്ങളും മലിനജലം ഒഴുക്കിവിടുന്നത് ഇപ്പോഴും കാനയിലേക്ക് തന്നെയാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇതിനു പുറമേ തെക്കേ അങ്ങാടിയിലൂടെ പോകുന്ന അഴുക്കുചാലിലെ വെള്ളം എത്തുന്നത് ഭാരതപ്പുഴയിലെ കാങ്കപ്പുഴക്കടവിലാണ്. ജലനിധിയുടെ ശുദ്ധജല കിണറുകൾക്ക് സമീപത്താണ് ആ അഴുക്കുചാൽ എത്തുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!