വളാഞ്ചേരിയിൽ കൂടുതൽ വീടുകളിൽ വെള്ളം കയറി; മൂന്ന് പുതിയ ക്യാമ്പുകൾ തുറന്നു
വളാഞ്ചേരി: കനത്ത മഴ മൂലം ഇരിമ്പിളിയം പഞ്ചായത്തിലെയും, വളാഞ്ചേരി നഗരസഭയിലെയും വിവിധ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇന്ന് വൈകുന്നേരത്തോടുകൂടി കൂടുതൽ വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് പുതിയ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇരിമ്പിളിയം പഞ്ചായത്തിൽ കൊട്ടാരം, പുറമണ്ണൂർ തുടങ്ങിയ ഇടങ്ങളിൽ രണ്ടെണ്ണവും വളാഞ്ചേരി നഗരസഭയിലെ പേരശ്ശനൂരിലും ഒരു ക്യാമ്പ് തുറന്നത്.
നേരത്തെ കരുമുഖം മദ്രസയിൽ ആരംഭിച്ച മോസ്കൊയിലെ ക്യാമ്പ് പിന്നീട് സ്ഥലപരിമിതി മൂലം കൊടുമുടി ക്യാമ്പിലേക്ക് മാറ്റി. മോസ്കോ ക്യാമ്പിൽ 42 കുടുംബങ്ങൾ കഴിഞ്ഞിരുന്നു. ഇവിടേക്ക് വേണ്ടിയിരുന്ന വസ്ത്രങ്ങളും പുതപ്പ്, പായ മുതലായവ വളാഞ്ചേരിയിലെ വ്യാപാരികൾ നേരിട്ടെത്തിച്ചു.
വൈകുന്നേരമായതോടെ വളാഞ്ചേരി പ്രദേശത്തെ ചില ഇടങ്ങളിൽ വെള്ളം കയറുന്നതായി വാർത്ത വന്നതിനെതുടർന്ന് പേരശ്ശനൂരിൽ ക്യാമ്പ് ആരംഭിച്ചത്. 200ൽ അധികം പേർ ഇവിടെ ഇതു വരെ റജിസ്റ്റർ ചെയ്തു. നിലവിലുള്ള ക്യാമ്പുകളിൽ കൂടുതൽ പേർക്ക് കഴിയാൻ അസൗകര്യം ഉണ്ടാവുന്ന പക്ഷം വളാഞ്ചേരി സർവ്വീസ് ബാങ്കിലെ ഓഡിറ്റോറിയം ഉപയോഗിക്കാവുന്നതാണെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചിട്ടുണ്ട്.
ക്യാമ്പുകളിൽ റവന്യു, ആരോഗ്യ വകുപ്പ് അധികൃതർ കൃത്യമായി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കോട്ടക്കൽ മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ നേരിട്ടെത്തി ക്യാമ്പുകളുടെ മേൽനോട്ടം വഹിച്ചു. ജനങ്ങൾ ഒരുതരത്തിലും പരിഭ്രാന്തരാകേണ്ട ആവശ്യം നിലവിലില്ല. വെള്ളം കയറുന്നതായി ബോധ്യപ്പെട്ടാൽ ഉടൻ തൊട്ടടുത്ത ക്യാമ്പിലേക്ക് എത്തിച്ചേരണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here