വളാഞ്ചേരിക്കാർക്ക് നവ്യാനുഭവമായി നീർത്തട നടത്തം
വളാഞ്ചേരി: നഗരമേഖലയിലെ കൊട്ടാരം തോടിനെ തൊട്ടറിഞ്ഞു നടത്തിയ നീർത്തട നടത്തം വളാഞ്ചേരിക്കാർക്ക് നവ്യാനുഭവമായി. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി നഗരത്തിന്റെ സമഗ്രനീർത്തടം ആസൂത്രണം നടത്തുന്നതിനു മുന്നോടിയായാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാധാരണജനങ്ങളും പരിസ്ഥിതി പ്രവർത്തകരും അടങ്ങുന്ന സംഘം നീർത്തട നടത്തം നടത്തിയത്. നഗരമേഖലയിലൂടെ കടന്നുപോകുന്ന കൊട്ടാരം തോടിന്റെ വരമ്പിലൂടെ നടന്നുനീങ്ങിയ സംഘത്തിന്റെ യാത്ര കടുങ്ങാട്ട്നിന്നാണ് ആരംഭിച്ചത്.
നഗരസഭാ സ്റ്റേഡിയ പരിസരത്തായിരുന്നു സമാപനം. നഗരസഭാധ്യക്ഷ എം.ഷാഹിന നീർത്തട നടത്തം ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. മരാമത്ത് സ്ഥിരസമിതി അധ്യക്ഷൻ സി.അബ്ദുന്നാസർ, കൗൺസിലർമാരായ. പി.അബ്ദുൽഗഫൂർ, ടി.പി.രഘുനാഥൻ, സെക്രട്ടറി ടി.കെ.സുജിത്, ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എം.ശിവദാസൻ എന്നിവർ പ്രസംഗിച്ചു.
നഗരസഭാംഗങ്ങളായ സി.ശിഹാബുദ്ദീൻ, പി.പി.ഹമീദ്, എം.പി.ഷാഹുൽഹമീദ്, വസന്ത വേലായുധൻ, പി.മുഹമ്മദ് നൗഫൽ, മൂർക്കത്ത് മുസ്തഫ, അസിസ്റ്റന്റ് എൻജിനീയർ ഗ്രേഷ്യസ് എം.ജോൺ, കൃഷി ഓഫിസർ മൃദുൽ വിനോദ് എന്നിവർ നീർത്തട നടത്തത്തിനു നേതൃത്വം നൽകി. പാടശേഖര സമിതി അംഗങ്ങൾ പരിസ്ഥിതിപ്രവർത്തകർ, കർഷകർ തുടങ്ങിയവരും യാത്രയിൽ പങ്കാളികളായി. നഗരപരിധിയിലൂടെ കടന്നുപോകുന്ന മറ്റു തോടുകളും അനുബന്ധ ജലസ്രോതസ്സുകളും ഇതേ രീതിയിൽ പരിശോധിക്കുമെന്നും അതോടൊപ്പം വളാഞ്ചേരി നഗരസഭയ്ക്കായി സംയോജിത നീർത്തടാധിഷ്ടിത വികസന പദ്ധതി തയാറാക്കുമെന്നും നഗരസഭാധ്യക്ഷ എം.ഷാഹിന അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here