ജൽ ജീവൻ മിഷൻ; കോട്ടക്കൽ മണ്ഡലത്തിൽ 221.07 കോടി രൂപയുടെ ശുദ്ധ ജല വിതരണ പദ്ധതികൾക്ക് തുടക്കം കുറിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം, ആതവനാട്, തിരുന്നാവായ, മാറാക്കര പഞ്ചായത്തുകളിലെ ജൽ ജീവൻ മിഷൻ പദ്ധതിയുടെയും കോട്ടക്കൽ നഗരസഭയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെയും പ്രവൃത്തി ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുറ്റിപ്പുറം ടൗണിൽ നടന്ന പരിപാടിയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കോട്ടക്കൽ മണ്ഡലത്തിൽ നടപ്പിലാക്കുന്ന പ്രസ്തുത കുടിവെള്ള പദ്ധതികൾക്കായി 221.07 കോടി രൂപയാണ് ചെലവഴിക്കുന്നത്. കുറ്റിപ്പുറം പഞ്ചായത്തിൽ മാത്രം 121.77 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്. കുറ്റിപ്പുറം, ആതവനാട്, മാറാക്കര പഞ്ചായത്തുകൾക്ക് നേരിട്ടും തിരുന്നാവായ, വളവന്നൂർ, കൽപ്പകഞ്ചേരി പഞ്ചായത്തുകൾക്ക് നിലവിലുള്ള ശുദ്ധജല പദ്ധതിയിൽ നിന്ന് കൂടുതൽ ജലം ലഭ്യമാക്കുന്ന വിധത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടൊപ്പം കോട്ടക്കൽ നഗരസഭയിലേക്കാവശ്യമായ ശുദ്ധജല വിതരണത്തിനും പദ്ധതി ഗുണകരമാകും.
പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിന്റെ 40 സെന്റ് ഭൂമിയിൽ 24 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നതതല ജല സംഭരണിയും 19 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭൂതല ജലസംഭരണിയും നിർമിക്കും. കൂടാതെ പദ്ധതിക്കായി കുറ്റിപ്പുറം, ചെങ്ങണക്കടവിൽ 12 മീറ്റർ വ്യാസമുള്ള കിണറും പമ്പ് ഹൗസും നിർമിക്കും. പമ്പ് ഹൗസിൽ നിന്ന് നിളയോരം പാർക്കിന് സമീപത്ത് നിർമിക്കുന്ന ജല ശുദ്ധീകരണശാല വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം 800 എം.എം വ്യാസമുള്ള പമ്പിങ് മെയിൻ സ്ഥാപിക്കും. 48 ദശലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജല ശുദ്ധീകരണ ശാലയാണ് പദ്ധതിയുടെ ഭാഗമായി നിളയോരം പാർക്കിന് സമീപത്ത് സ്ഥാപിക്കുന്നത്.
ചെങ്ങണക്കടവിലെ പമ്പ് ഹൗസിൽ നിന്നും നിളയോരം പാർക്കിന് സമീപത്തെ ജലശുദ്ധീകരണ ശാലയിലെത്തിച്ച് ശുദ്ധീകരണത്തിന് ശേഷം പൈപ്പ് ലൈനിലൂടെ കിൻഫ്രയിലെ ഉന്നത തല, ഭൂതല ജല സംഭരണികളിൽ വെള്ളമെത്തിക്കും. കിൻഫ്രയിലെ ഉന്നത തല ജലസംഭരണിയിൽ നിന്നാണ് കുറ്റിപ്പുറം പഞ്ചായത്തിലേക്ക് ജലവിതരണം നടത്തുക. കിൻഫ്രയിലെ ഭൂതല ജലസംഭരണിയിൽ നിന്ന് പൈപ്പ് ലൈൻ വഴി ആതവനാട് പഞ്ചായത്തിലെ മലയിൽ ഭാഗത്ത് സ്ഥാപിക്കുന്ന ടാങ്കിലേക്ക് വെള്ളമെത്തിക്കും. 40 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഈ ടാങ്കിൽ നിന്നാണ് മാറാക്കര, ആതവനാട് പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുക. കോട്ടക്കൽ നഗരസഭയിലേക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്കായും മലയിലെ ടാങ്കിൽ നിന്നാണ് വെള്ളമെത്തിക്കുക.
ഭാരതപ്പുഴയിൽ നിന്നുള്ള ജല സ്രോതസ്സാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമാകുന്നതോടെ പദ്ധതിക്കായി ജലം സുലഭമായി ലഭിക്കുമെന്നതും വലിയ പ്രതീക്ഷയാണ്. കാങ്കക്കടവിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
പരിപാടിയിൽ കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ എസ്. സത്യവിൽസൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കോട്ടക്കൽ നഗരസഭാ അധ്യക്ഷ ബുഷ്‌റ ഷബീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നസീറ പറത്തൊടി, സജിത നന്നേങ്ങാടൻ, ടി.പി സിനോബിയ, കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ. ജോസ് ജോസഫ്, കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദീഖ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here