നമ്പർ സേവ് ചെയ്യാതെ തന്നെ വാട്സാപ് വഴി മേസേജ് അയക്കാം: വളാഞ്ചേരി സ്വദേശി മൻസൂറിന്റെ ആപ് തരംഗമാകുന്നു
വളാഞ്ചേരി: സേവ് ചെയ്യാത്ത നമ്പറുകളിൽ വാട്സാപ് വഴി മെസേജ് അയക്കാൻ കഴിയില്ലാത്തത് ഒരു കുറവായി കണക്കാക്കുന്നവരാണ് ഈ ജനപ്രിയ ആപിന്റെ ഉപഭോക്താക്കളിൽ മിക്കവരും. ഒട്ടുമിക്ക ബിസിനസുകളും വാട്സാപ് വഴിയായ ഇക്കാലത്ത് ഒരു പുതിയ നമ്പറിലേക്ക് തന്റെ ബിസിനസ് സംബന്ധിയായ വിവരങ്ങൾ കൈമാറാൻ സേവ് ചെയ്യണമെന്ന ഒരു കടമ്പ നിവൃതിയില്ലാതെ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഈ സമയനഷ്ടത്തെ മറികടക്കാൻ ഒരു എളുപ്പവഴിയുമായാണ് മലപ്പുറം വളാഞ്ചേരി സ്വദേശിയായ മുഹമ്മദ് മൻസൂറിന്റെ ആപ്.
‘വാട്‌സാപ് ടു അൺസേവ്‌ട് നമ്പർ’ എന്ന ഒരു ആപ് സ്വന്തമായി വികസിപ്പിച്ചെടുത്താണ് മൻസൂർ വാട്‌സാപ് ഉപഭോക്താക്കളുടെ ഒരു ദീർഘകാല പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുന്നത്. ഔദ്യോഗിക വാട്സാപിനോടൊപ്പം ഉപയോഗിക്കേണ്ട ഒരു ആപ് ആയാണ് ഇതിന്റെ പ്രവർത്തനം, 4 എം.ബി വലിപ്പമുള്ള ഈ ആപ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ആർക്കും അയക്കേണ്ട ആളുടെ നമ്പർ ടൈപ് ചെയ്തു തൊട്ടടുത്ത കോളത്തിൽ അയക്കേണ്ട സന്ദേശവും ടൈപ് ചെയ്ത് ‘സെന്റ് ടു വാട്സാപ്’ എന്ന ബട്ടൺ ക്ലിക് ചെയുന്നതോടെ ഫോണിൽ മുമ്പെ ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഔദ്യോഗിക വാട്സാപിൽ ഇത് ലോഡ് ചെയ്തു വരികയും സാധാരണ പോലെ തന്നെ വാട്സാപ് ഉപയോഗിക്കാനും കഴിയുന്നു.
കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ മൻസൂർ, മലേഷ്യയിലെ മുൻനിര ബാങ്കായ മെയ്‌ബാങ്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി നോക്കുകയാണിപ്പോൾ. തന്റെ ഒഴിവു വേളയിലാണ് ഇത്തരമൊരു ആപ് വികസിപ്പിച്ചെടുത്തതെന്ന് മൻസൂർ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. വളാഞ്ചേരി കൂരിപ്പറമ്പിൽ റഷീദിന്റെയും സഫിയയുടെയും മകനാണ്.
നിലവിൽ ടെക്സ്റ്റ് സന്ദേശങ്ങൾ മാത്രമേ അയക്കുവാൻ സാധിക്കുകയുള്ളൂവെങ്കിലും വരാൻ പോകുന്ന അപ്‌ഡേറ്റുകളിൽ നമ്പർ സേവ് ചെയ്യാതെ തന്നെ വോയ്സ്, വീഡിയോ കോൾ എന്നിവ ചെയ്യാൻ സാധിക്കുമെന്ന് മൻസൂർ പറഞ്ഞു. മൻസൂർ വികസിപ്പിച്ചെടുത്ത ഈ അപ്ലിക്കേഷൻ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് നിലവിൽ ഉപകാരപ്രദമാകുക. പ്ലേസ്റ്റോറിൽ ഇത് ഇപ്പോൾ ലഭ്യവുമാണ്. ഈ അപ്ലിക്കേഷൻ ആവശ്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യു
ഈ ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ വീഡിയോ കാണൂ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here