കുറ്റിപ്പുറം-തിരൂർ ബൈപ്പാസ് റോഡിൽ ബാരിക്കേഡ് വീണ് യുവതിയുടെ കൈവിരലുകൾക്ക് ഗുരുതര പരുക്ക്
കുറ്റിപ്പുറം : വാഹനങ്ങൾപോകുന്നത് തടയാനായി സ്ഥാപിച്ച ബാരിക്കേഡിൽതട്ടി വീണ് യുവതിയുടെ കൈവിരലിന് ഗുരുതരമായി പരുക്കേറ്റു. ഹൈവെ ജങ്ഷനിൽനിന്ന് തിരൂർ ഭാഗത്തേക്കുള്ള ബൈപ്പാസ് റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. പരുക്കേറ്റ കുറ്റിപ്പുറം സ്വദേശിനിയായ യുവതിക്ക് ഹീൽഫോർട്ട് ഹോസ്പിറ്റലിൽ ചികിൽസ നൽകി. യുവതി അപകടത്തിൽപ്പെടും മുൻപ് ഇവിടേയുള്ള ബാരിക്കേഡുകൾ നീക്കി ഒരു ചരക്കുലോറി ഇതു വഴി ഡ്രൈവർ കൊണ്ടുപോയിരുന്നു. ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി ഈ റോഡിൽ ഇരുചക്ര വാഹനങ്ങൾക്കു മാത്രമാണ് യാത്രാനുമതി. ഇതു മറികടന്നാണ് ചരക്കുലോറി കൊണ്ടുപോയത്. ബാരിക്കേഡുകൾ നീക്കംചെയ്ത് ലോറി കൊണ്ടുപോകുന്നത് പരിസരത്ത് ഉണ്ടായിരുന്നവർ വിലക്കിയെങ്കിലും ഡ്രൈവർ അതു വകവെച്ചില്ല. പരിസരവാസികൾ ബാരിക്കേഡുകൾ പഴയ സ്ഥലത്തുതന്നെ വെപ്പിച്ചതിനുശേഷമാണ് ലോറികൊണ്ടുപോകാൻ അനുവദിച്ചത്. എന്നാൽ ലോറി ഡ്രൈവർ ബാരിക്കേഡ് സുരക്ഷിതമായല്ല കൊണ്ടുവന്നുവെച്ചത്. ഈ സംഭവത്തിനുശേഷമാണ് യുവതി ഇതുവഴി വന്നത്. തട്ടിവീണു കിടന്ന യുവതിയുടെ കൈവിരലുകൾക്കു മേലേക്ക് അതേ ബാരിക്കേഡ് വീഴുകയായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here